അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂട് ഏറുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക്. വൽസാദ് ജില്ലയിൽ എത്തുന്ന മോദി വൈകിട്ട് മൂന്നിന് ജനങ്ങളെ അഭിസംബോധന ചെയ്യും. ശേഷം ഭാവ്‌നഗറിലുള്ള സമൂഹവിവാഹത്തിലും പങ്കെടുക്കും.

'പാപ്പ നി പരി' എന്ന ലഗ്‌നോത്സവത്തിന്റെ ഭാഗമായി, അച്ഛനെ നഷ്ടമായ 522 പെൺകുട്ടികളുടെ വിവാഹമാണ് നടക്കുന്നത്. സമൂഹവിവാഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയാക്കാനാണു ബിജെപിയുടെ തീരുമാനം. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ബിജെപിക്കു വെല്ലുവിളി ഉയർത്തുമെന്നു പ്രഖ്യാപിച്ച് എഎപിയും കോൺഗ്രസും ശക്തമായി രംഗത്തുണ്ട്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളിലായി ഡിസംബർ ഒന്നിനും അഞ്ചിനും നടക്കും. വോട്ടെണ്ണൽ ഡിസംബർ 8ന്. 182 നിയമസഭാ മണ്ഡലങ്ങളിൽ 89 എണ്ണത്തിൽ ആദ്യ ഘട്ടത്തിലും 93 എണ്ണത്തിൽ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. ഡിസംബർ ഒന്നിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 14 വരെ പത്രിക നൽകാം. 17 വരെ പിൻവലിക്കാം. രണ്ടാം ഘട്ടത്തിന്റെ വിജ്ഞാപനം 10ന് ഇറങ്ങും. 17 വരെ പത്രിക സ്വീകരിക്കും. 21 വരെ പിൻവലിക്കാം.