ന്യൂഡൽഹി: ഡൽഹിയിൽ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പക്കൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നിയമ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരി അറസ്റ്റിൽ. പണം തട്ടിയെടുത്ത ശേഷം വ്യാപാരിയുടെ സ്വത്ത് തന്റെ പേരിലേക്ക് മാറ്റി നൽകുകയോ ഒരുകോടി രൂപ നൽകുകയോ ചെയ്യണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് പൊലീസിന് പരാതി ലഭിച്ചത്. ബാങ്കിടപാടുകൾ പരിശോധിച്ചതിന് പിന്നാലെ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2020 ലാണ് യുവതിയുമായി പരാതിക്കാരൻ സൗഹൃദത്തിലായത്. ഹാർഡ് വെയർ ബിസിനസുകാരനായ ഇയാൾ തന്റെ വ്യാപാരകേന്ദ്രത്തിൽ വച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. ഇടക്കാലത്ത് ഇവർക്കിടയിലുള്ള സൗഹൃദബന്ധം നിലച്ചെങ്കിലും യുവതി വ്യാപാരിയെ പിന്നെയും തേടിയെത്തുകയായിരുന്നു.

തങ്ങൾക്കിടയിലുള്ള ബന്ധത്തെ കുറിച്ച് വിവാഹിതനായ വ്യാപാരിയുടെ കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തത്. ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെടുമെന്നും കേസിൽ പ്രതിയാക്കുമെന്നും വ്യാപാരിയെ യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

യുവതിയും സുഹൃത്തുക്കളും ചേർന്ന് തന്റെ പക്കൽ നിന്ന് ഒരുകോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടിയാണ് വ്യാപാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബിസിനസ് സംബന്ധിയായാണ് യുവതിയുമായി പരിചയത്തിലാകുന്നതെന്നും തന്റെ അക്കൗണ്ടിൽ നിന്ന് ഒരുകോടി പിൻവലിക്കാൻ ബ്ലാക്ക് ചെക്കിൽ ഒപ്പിട്ട് നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ യുവാവ് ആരോപിച്ചു.

യുവതി നിയമവിദ്യാർത്ഥിയാണെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിന് യുവതിക്ക് സഹായം നൽകിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു.