പാട്‌ന: ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ അടുത്തുള്ള കിണറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ 17 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. അഗർത്തലയിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള കമാൽപൂരിലെ ദുരൈ ശിവ്ബാരിയിലാണ് സംഭവം. ഉറങ്ങിക്കിടന്ന മുത്തച്ഛൻ(70), അമ്മ (32), സഹോദരി (10), ബന്ധു എന്നിവരെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൃത്യം നടത്തുന്ന സമയത്ത് വീട്ടിലുള്ളവരുടെ നിലവിളി കേൾക്കാതിരിക്കാൻ ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചിരുന്നതായും പൊലീസ് പറഞ്ഞു. പ്രതിയെ സമീപത്തെ മാർക്കറ്റിൽ അറസ്റ്റ് ചെയ്‌തെന്ന് അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ ജ്യോതിഷ്മാൻ ദാസ് ചൗധരി പറഞ്ഞു. മുമ്പ് ഇയാൾ സ്വന്തം വീട്ടിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പറയുന്നു. കുറ്റാന്വേഷണ പരമ്പരകൾക്ക് പ്രതി അടിമയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണം തുടരുകയാണ്.