ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. യാത്രയുടെ 60ാം ദിവസമായ ഞായറാഴ്ച തെലങ്കാനയിലാണ് പ്രശാന്ത് ഭൂഷൺ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്.

മഡിഗ സംവരണ പോരാട്ടസമിതി നേതാവായ മന്ദകൃഷ്ണ മഡിഗയും ഇന്നലെ യാത്രക്കൊപ്പം ചേർന്നു. പട്ടികജാതി വിഭാഗത്തിന്റെ അവകാശങ്ങൾക്കായി പോരാടുന്ന മന്ദകൃഷ്ണ മഡിഗ മേദക് ജില്ലയിലെ അല്ലാദുർഗിലാണ് യാത്രയുടെ ഭാഗമായത്.

2014ന് ശേഷം രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും കുതിച്ചുയർന്നതായി മേദക്കിലെ പെഡപൂരിൽ രാഹുൽ ഗാന്ധി പറഞ്ഞു. യാത്ര ഒക്ടോബർ 23നാണ് തെലങ്കാനയിലെത്തിയത്. തിങ്കളാഴ്ച മഹാരാഷ്ട്രയിൽ പ്രവേശിക്കും.

കന്യാകുമാരിയിൽനിന്ന് സെപ്റ്റംബർ ഏഴിനാണ് യാത്രതുടങ്ങിയത്. തെലങ്കാനയിൽ ബോളിവുഡ് നടി പൂജാഭട്ട്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല എന്നിവരടക്കം നിരവധിപേർ യാത്രയുടെ ഭാഗമായിരുന്നു.