- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശശി തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിൽ ചേരുമെന്ന് ഹിമന്ദ ബിശ്വ ശർമ; ധൈര്യത്തോടെ കാര്യങ്ങൾ നേരിടുന്ന കോൺഗ്രസുകാർ ബിജെപിയിൽ ചേരില്ലെന്ന് തരൂർ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്ത 1000 കോൺഗ്രസ് പ്രതിനിധികൾ ഉടൻ ബിജെപിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. കോൺഗ്രസിൽ ഇവർ മാത്രമാണ് ജനാധിപത്യവാദികളെന്നും ഹിമന്ദ പറഞ്ഞു.
അതേ സമയം ഹിമന്ദയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി തരൂർ രംഗത്തെത്തി. ധൈര്യത്തോടെ കാര്യങ്ങൾ നേരിടുന്ന കോൺഗ്രസുകാർ ഒരിക്കലും ബിജെപിയിൽ ചേരില്ല എന്നായിരുന്നു തരൂരിന്റെ പ്രതികരണം. തനിക്ക് വോട്ടു ചെയ്തവരെ പരോക്ഷമായി അഭിനന്ദിച്ചായിരുന്നു തരൂരിന്റെ ഹിമന്ദയ്ക്കുള്ള മറുപടി. പോരാടാൻ ധൈര്യമില്ലാത്തവരാണ് ബിജെപിയുടെ പ്രലോഭനങ്ങളിൽ വീഴുന്നതെന്നും തരൂർ മറുപടിയിൽ വ്യക്തമാക്കി.
'ശശി തരൂർ ആണ് ജയിച്ചിരുന്നതെങ്കിൽ ഞാൻ പറയുമായിരുന്നു, അതെ കോൺഗ്രസിൽ ജനാധിപത്യം വന്നുവെന്ന്. നിരവധി നല്ല ആളുകൾ ആ പാർട്ടിയിൽ ഉണ്ട്. തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിൽ ചേരും' എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കവെ അസം മുഖ്യമന്ത്രി പറഞ്ഞത്.
''എല്ലാം ഒത്തുകളിയായിരുന്നു. വോട്ടുകൾ എണ്ണുന്നതിന് മുമ്പ് തന്നെ ഫലം അറിയുകയും പ്രഖ്യാപിക്കുകയും ചെയ്തതിനെയാണ് അവർ ആഭ്യന്തര തിരഞ്ഞെടുപ്പ് എന്ന് പറയുന്നത്''. ഫലം ഒദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ രാഹുൽ ഗാന്ധി മല്ലികാർജുൻ ഖാർഗെയെ വിജയിയായി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി ഹിമന്ദ പരിഹസിച്ചു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ 7,897 വോട്ടുകൾ നേടിയാണ് ഖാർഗെയെ തിരഞ്ഞെടുത്തത്. 1,072 വോട്ടുകളാണ് ഏക എതിരാളിയായിരുന്ന ശശി തരൂർ നേടിയത്.
കോൺഗ്രസിനെ നിശിതമായി വിമർശിച്ച അസം മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തുകയും ചെയ്തു. കോൺഗ്രസിൽ കുടുംബത്തെ കുറിച്ച് ചിന്തിക്കലാണ് നിർബന്ധം. പ്രധാനമന്ത്രി മോദി പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
'പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടേയും പ്രധാനമന്ത്രിയാണ്. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിൽ നല്ല ബന്ധം വേണം. ഞാൻ അതിൽ രാഷ്ട്രീയമായി ഒന്നും കാണുന്നില്ല' ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു. 2024-ഓടെ ബിജെപി. രണ്ട് മൂന്ന് സംസ്ഥാനങ്ങളിൽ കൂടി സർക്കാർ രൂപീകരിക്കും. 2029-ഓടെ രാജ്യത്തുടനീളം ബിജെപി. ആയിരിക്കുമെന്നും ഹിമന്ദ അവകാശപ്പെട്ടു.