ന്യൂഡൽഹി: ആം ആദ്മി പാർട്ടി സീറ്റ് നൽകുന്നില്ലെന്ന് ആരോപിച്ച് വൈദ്യുതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി മുൻ കൗൺസിലർ. ആംആദ്മിയുടെ മുൻ കൗൺസിലർ ഹസീബ് ഉൾ ഹസൻ ഞായറാഴ്ച ഡൽഹിയിലെ ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷന് മുന്നിലുള്ള ഹൈടെൻഷൻ വൈദ്യൂതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.

വരാനിരിക്കുന്ന ഡൽഹി നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയില്ലെന്നും ഇതേത്തുടർന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കി വൈദ്യുതി ടവറിന് മുകളിൽ കയറിയതെന്നാണ് ഇയാൾ പറയുന്നത്. ഇയാൾ ഇതുവരെ ടവറിൽ നിന്നും താഴെയിറങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേ സമയം ഡൽഹി എംസിഡി തിരഞ്ഞെടുപ്പിനുള്ള 134 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എഎപി പുറത്തുവിട്ടു. 134 പേരുടെ പട്ടികയിൽ 70 വനിതകൾക്ക് ടിക്കറ്റ് നൽകിയപ്പോൾ മുൻ എംഎ‍ൽഎ വിജേന്ദർ ഗാർഗിനെ എം.സി.ഡി തെരഞ്ഞെടുപ്പിൽ നറൈനയിൽ നിന്ന് എ.എ.പി മത്സരിപ്പിക്കും.

മറുവശത്ത് കോൺഗ്രസിൽ നിന്ന് ആം ആദ്മി പാർട്ടിയിലേക്ക് വന്ന ഡൽഹിയിലെ ഏറ്റവും മുതിർന്ന കൗൺസിലർ മുകേഷ് ഗോയൽ ആദർശ് നഗർ വാർഡിൽ നിന്ന് തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. കോൺഗ്രസിലെ മുൻ കൗൺസിലറായ ഗുഡ്ഡി ദേവിയെ തിമർപൂരിലെ മൽകഗഞ്ചിൽ നിന്ന് സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്.