- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രപതിക്കെതിരെ തൃണമൂൽ മന്ത്രിയുടെ വിവാദ പരാമർശം; പാർട്ടി വേണ്ടി ക്ഷമ ചോദിക്കുന്നുവെന്ന് മമതാ ബാനർജി; മന്ത്രി അഖിൽ ഗിരിക്ക് താക്കീത്
കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ ബംഗാൾ മന്ത്രി അഖിൽ ഗിരി നടത്തിയ വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് മുഖ്യമന്ത്രി മമതാ ബാനർജി. വ്യക്തിപരമായി പരാമർശങ്ങൾ നടത്തുന്നത് തന്റെ പാർട്ടിയുടെ സംസ്കാരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നതിനു മുൻപ് ആലോചിക്കണമെന്നും മന്ത്രി അഖിൽ ഗിരിക്ക് മമത താക്കീത് നൽകി.
രാഷ്ട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ പശ്ചിമബംഗാൾ മന്ത്രി അഖിൽ ഗിരിയുടെ അധിക്ഷേപ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.
'ഞങ്ങൾ രാഷ്ട്രപതിയെ ഏറെ ബഹുമാനിക്കുന്നു. അവർ നല്ല സ്ത്രീയാണ്. ഇത്തരം ഒരു പരാമർശം നടത്തിയതിൽ ഖേദിക്കുന്നു. അഖിൽ ഗിരി ചെയ്തത് തെറ്റാണ്. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. സൗന്ദര്യം എന്നതു നിങ്ങൾ പുറമേ കാണുന്നതല്ല, അതു നിങ്ങളുടെ ഉള്ളിൽ നിങ്ങൾ എങ്ങനെയാണ് എന്നത് ആശ്രയിച്ചാണ്' മമത പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രസംഗത്തിൽ ക്ഷമ ചോദിച്ച് മന്ത്രി രംഗത്ത് എത്തിയിരുന്നു. 'എനിക്ക് ഭംഗിയില്ലെന്നാണ് അവർ(ബിജെപി) പറയുന്നത്. ഞങ്ങൾ ആരെയും അവരുടെ രൂപം നോക്കി വിലയിരുത്തില്ല. രാഷ്ട്രപതിയുടെ ഓഫിസിനെ ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ നമ്മുടെ രാഷ്ട്രപതി കാണാൻ എങ്ങനെയാണ്?' എന്നായിരുന്നു ഗിരിയുടെ പരാമർശം.
അഖിൽ ഗിരിയുടെ രാജി ആവശ്യപ്പെട്ട് ബംഗാളിലെ പ്രതിപക്ഷമായ ബിജെപി പ്രതിഷേധം കടുപ്പിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ പ്രകാരം രാംനഗറിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎയും, സംസ്ഥാന മന്ത്രിയുമായ അഖിൽ ഗിരി രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ രൂപത്തെക്കുറിച്ചാണ് മോശം പരാമർശം നടത്തിയത്.
അഖിൽ ഗിരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബംഗാളിലെ ബിജെപി എംഎൽഎമാർ രാജ്ഭവനിലേക്കു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. രാഷ്ട്രപതിക്കെതിരെ മോശം പരാമർശം നടത്തി 72 മണിക്കൂർ കഴിഞ്ഞിട്ടും ഗിരിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് പ്രതിഷേധാർഹമാണെന്ന് പ്രതിഷേധമാർച്ചിനു നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യവുമായാണ് രാജ്ഭവൻ മാർച്ച് നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ