- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിരാഗ് പസ്വാൻ എൻഡിഎയിൽ തിരിച്ചെത്തി; ലോക്ജനശക്തി പാർട്ടികളുടെ ലയനത്തിന് നീക്കം
പട്‌ന: ചിരാഗ് പസ്വാൻ എൻഡിഎയിൽ തിരിച്ചെത്തിയതോടെ ലോക്ജനശക്തി പാർട്ടികളുടെ ലയനത്തിന് നീക്കവുമായി ബിജെപിയുടെ മധ്യസ്ഥ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിലെ എൻഡിഎയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്. ചിരാഗ് പസ്വാനെ എൻഡിഎയിലേക്കു തിരിച്ചു കൊണ്ടുവരാൻ മുൻകയ്യെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ബിഹാറിലെ തന്ത്രങ്ങൾക്കു രൂപം നൽകുന്നത്.
ആർഎൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ പശുപതി പാരസ് ഉപാധികളോടെ ലയനമാകാമെന്ന പരസ്യ സൂചന നൽകി. ബിഹാറിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽജെപി തനിച്ചു മൽസരിച്ചതിനു ചിരാഗ് ഖേദം പ്രകടിപ്പിക്കണമെന്ന് പശുപതി പാരസ് ആവശ്യപ്പെട്ടെങ്കിലും, കേന്ദ്രമന്ത്രി പദത്തിനായി ചിരാഗ് അവകാശവാദം ഉന്നയിക്കാൻ പാടില്ലെന്നതാണ് രഹസ്യ ഉപാധി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശുപതി പാരസിന്റെ ഹാജിപുർ മണ്ഡലം വിട്ടുകൊടുക്കില്ലെന്നതും.
കേന്ദ്രമന്ത്രിയായിരുന്ന റാം വിലാസ് പസ്വാന്റെ മരണത്തിനു ശേഷമാണ് എൽജെപിയിൽ പസ്വാന്റെ മകൻ ചിരാഗും പിതൃസഹോദരൻ പശുപതി പാരസുമായി അധികാര വടംവലി ആരംഭിച്ചത്. പാർട്ടിയിലെ പിളർപ്പിനെ തുടർന്നു ചിരാഗ് പസ്വാന്റെ നേതൃത്വത്തിൽ എൽജെപി (റാംവിലാസ്), പശുപതി പാരസിന്റെ നേതൃത്വത്തിൽ ആർഎൽജെപി കക്ഷികൾ രൂപീകരിച്ചു. എൽജെപിയുടെ ആറ് എംപിമാരിൽ അഞ്ചു പേരും പശുപതി പാരസിനൊപ്പം ചേർന്ന് എൻഡിഎയിൽ തിരിച്ചെത്തി. ആർഎൽജെപി പ്രതിനിധിയായി പശുപതി പാരസ് കേന്ദ്രമന്ത്രിസഭയിലുമെത്തി.
ജനതാദൾ (യു) സഖ്യം വിട്ടതോടെ ദുർബലമായ എൻഡിഎയിൽ ബിജെപിക്ക് ഒപ്പമുള്ളത് ആർഎൽജെപിയാണ്. പാർട്ടി എംപിമാർ പശുപതി പാരസിനൊപ്പമാണെങ്കിലും ജനപ്രിയ നേതാവ് ചിരാഗ് പസ്വാനാണെന്നാണു ബിജെപി നിഗമനം. ലോക് ജനശക്തി പാർട്ടികളുടെ ലയനത്തിനു ശേഷം മഹാസഖ്യത്തിലെ അസംതൃപ്തരായ ചെറു പാർട്ടികളെ ലക്ഷ്യമിടാമെന്നും ബിജെപി കണക്കുകൂട്ടുന്നു.
ന്യൂസ് ഡെസ്ക്