അഹമ്മദാബാദ്: ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന് 135 പേർ മരിച്ച കേസിൽ മുൻസിപ്പാലിറ്റിക്കെതിരെ കടുത്ത വിമർശനം ഉയർത്തി ഗുജറാത്ത് ഹൈക്കോടതി. ടെൻഡർ നടപടികൾ പോലുമില്ലാതെ പദ്ധതിക്ക് പണം നൽകിയതായും കോടതി നിരീക്ഷിച്ചു.

150 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണി ചെയ്യാൻ കരാർ നൽകിയ രീതിയെ വിമർശിച്ച ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ മോർബി മുൻസിപ്പാലിറ്റി വിഷയത്തിൽ 'സ്മാർട്ടായി അഭിനയിക്കുന്നുവെന്നും' കുറ്റപ്പെടുത്തി.

ഒക്ടോബർ 30ന് നടന്ന സംഭവത്തെ കുറിച്ചുള്ള ഹിയറിംഗിൽ മുൻസിപ്പാലിറ്റിയെ പ്രതിനീധീകരിച്ച് ആരും എത്തിയിരുന്നില്ല. ഇതും കോടതിയെ ചൊടിപ്പിച്ചു. ഇതേ തുടർന്നാണ് അവർ സ്മാർട്ടായി അഭിനയിക്കുന്നുവെന്ന വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ കോടതിയിൽ മുൻസിപ്പാലിറ്റി നേരിട്ട് മറുപടി നൽകണമെന്നും ഉത്തരവിട്ടു. പതിറ്റാണ്ടുകളായി ബിജെപിയാണ് മുൻസിപ്പാലിറ്റി ഭരിക്കുന്നത്.

പാലത്തിന്റെ ഫിറ്റ്നസ് പരിശോധന കരാറിന്റെ ഭാഗമായിരുന്നോയെന്നും സംഭവത്തിന് ഉത്തരവാദി ആരാണെന്നും അറിയിക്കണമെന്നും കോടതി പറഞ്ഞു. പ്രധാന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തതിന് കാരണം കാണിക്കണമെന്നും ഉത്തരവിട്ടു. എന്തുകൊണ്ടാണ് ടെൻഡർ നടപടികൾ ചെയ്യാതിരുന്നതെന്ന് ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ബുധനാഴ്ച കേസ് കേൾക്കുമെന്ന് വ്യക്തമാക്കി.