ലഖ്നൗ: ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിൽ 3.8 കോടി രൂപ ചെലവിട്ട റോഡിന്റെ നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള വീഡിയോ പ്രചരിക്കുന്നു. പുതുതായി പണിത റോഡിലെ ടാർ, ഒരു യുവാവ് കൈകളുപയോഗിച്ച് അനായാസം ഇളക്കി മാറ്റുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ഇടംപിടിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

പ്രധാന്മന്ത്രി ഗ്രാമീൺ സഡക് യോജനയിൽ 3.8 കോടി രൂപ ചെലവിട്ടുകൊണ്ടാണ് പുരാൻപുരിനും ഭഗവന്താപുരിനുമിടയിലായി പുതിയ റോഡ് നിർമ്മിച്ചത്. ഈ റോഡിലൂടെ കഴിഞ്ഞദിവസം വന്ന ഒരു വാഹനം ബ്രേക്കിട്ടപ്പോൾ റോഡിന് കേടുപാടുകൾ സംഭവിച്ചിരുന്നെന്ന് ആജ് തക് റിപ്പോർട്ട് ചെയ്തു. നിലവാരമില്ലാത്ത സാധനങ്ങളുപയോഗിച്ച് റോഡ് നിർമ്മാണം നടത്തിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.