കൊൽക്കത്ത: പക്ഷാഘാതത്തേ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബംഗാളി നടി ഐന്ദ്രില ശർമ ഗുരുതരാവസ്ഥയിൽ. പക്ഷാഘാതമുണ്ടായതിനേ തുടർന്ന് ഐന്ദ്രിലയെ സർജറിക്ക് വിധേയയാക്കിയിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നാണ് പുതിയ സി.ടി. സ്‌കാൻ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നടിക്ക് ചൊവ്വാഴ്ച ഒന്നിലേറെ ഹൃദയാഘാതങ്ങളുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെന്റിലേറ്ററിലാണ് അവർ ഇപ്പോഴുള്ളത്. ഈ മാസം ഒന്നാം തീയതിയാണ് ഐന്ദ്രിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇത് നീക്കം ചെയ്യുന്നത് സാധ്യമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. രക്തം കട്ടപിടിച്ചത് കുറയാനുള്ള പുതിയ മരുന്ന് നൽകിയിട്ടുണ്ടെന്നും ഇതിനോട് ഐന്ദ്രില എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു.

ഒരദ്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കണം എന്നാണ് ഐന്ദ്രിലയുടെ സുഹൃത്തും നടനുമായ സബ്യസാചി ചൗധരി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. ഇത് ഇവിടെ എഴുതുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നിരുന്നാലും, ഇന്നാണ് ദിവസം. ഐന്ദ്രിലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. ഒരു അത്ഭുതത്തിനായി പ്രാർത്ഥിക്കുക. അമാനുഷികതയ്ക്കായി പ്രാർത്ഥിക്കുക.-അദ്ദേഹം എഴുതി. നിരവധി പേരാണ് ഇതിൽ പ്രതികരണവുമായെത്തിയത്.

അർബുദത്തെ രണ്ടുതവണയാണ് ഐന്ദ്രില അതിജീവിച്ചത്. ഝുമുർ പരിപാടിയിലൂടെ ടിവിയിൽ അരങ്ങേറ്റം കുറിച്ച അവർ ജിബോൺ ജ്യോതി, ജിയോൻ കത്തി തുടങ്ങിയ ജനപ്രിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ചില ഓ.ടി.ടി പ്രോജക്ടുകളുടെ ഭാഗവുമായിരുന്നു ഐന്ദ്രില.