അഗർത്തല: വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന വനിതാ നഴ്സിന്റെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ത്രിപുരയിലെ ഖൊവ്വായ് ജില്ലയിലെ സബ്-ഡിവിഷണൽ ആശുപത്രിയിലെ 32-കാരനായ ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് ആശുപത്രിയിലെ നഴ്സ് ഡോക്ടർക്കെതിരേ പീഡനപരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച ഡോക്ടർ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ചെന്നാണ് ആരോപണം. അടുപ്പം സ്ഥാപിച്ച ആദ്യദിവസങ്ങളിൽ വിവാഹത്തിന്റെ കാര്യം പറഞ്ഞാണ് ഡോക്ടർ ശാരീരികബന്ധത്തിന് നിർബന്ധിച്ചത്. എന്നാൽ പിന്നീട് വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഇതിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

ഏകദേശം പത്തുദിവസത്തോളം തുടർച്ചയായി ക്വാർട്ടേഴ്സിൽവെച്ച് ലൈംഗിക ചൂഷണത്തിനിരയാക്കി. ഏറ്റവും ഒടുവിൽ വിവാഹക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ചൂഷണം. തുടർന്ന് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖത്ത് തലയണവെച്ച് അമർത്തി കൊല്ലാൻ ശ്രമിച്ചെന്നും ഇതോടെ ക്വാർട്ടേഴ്സിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

നഴ്സിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് വ്യാഴാഴ്ച, ആശുപത്രിയിൽനിന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. അതേസമയം, പരാതിയിൽ പറയുന്ന വഞ്ചനാ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.