ശിവപുരി: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ മോഷണക്കുറ്റം ആരോപിച്ച് രണ്ട് യുവാക്കളെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു. ഇവരുടെ വീഡിയോ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി മൊഹാരി കാല ഗ്രാമത്തിലെ ഒരു വീട്ടിൽ യുവാക്കൾ മോഷണം നടത്തുകയായിരുന്നെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ഇവരെ പിടികൂടി രാത്രി മുഴുവൻ മുറിയിൽ കെട്ടിയിട്ടു. ശനിയാഴ്ച രാവിലെ രണ്ട് യുവാക്കളെയും ചെരുപ്പ് കൊണ്ട് മാല അണിയിക്കുകയും ഗ്രാമം മുഴുവൻ നടത്തിക്കുകയും ചെയ്തു.

തുടർന്ന് ഗ്രാമവാസികൾ ഇവരെ ഖനിയധാന പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് യുവാക്കളെയും അറസ്റ്റ് ചെയ്തതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സ്റ്റേഷൻ ഇൻചാർജ് ടൈമേഷ് ചാരി പറഞ്ഞു. അതേസമയം യുവാക്കളെ കയ്യേറ്റം ചെയ്തതിനും ചെരുപ്പ് മാലയിടുന്നതിനും ഗ്രാമവാസികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.