- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേധാ പട്കർക്കൊപ്പം രാഹുൽ ഭാരത് ജോഡോ യാത്രയിൽ; 'മൂന്നു പതിറ്റാണ്ട് നർമ്മദ പദ്ധതി മുടക്കിയ സ്ത്രീക്കൊപ്പം നടക്കുന്നു'; രൂക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി
രാജ്കോട്ട്: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ പങ്കുചേർന്നതിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മൂന്നു പതിറ്റാണ്ടുകളായി നർമ്മദ അണക്കെട്ട് പദ്ധതിക്ക് തടസ്സമുണ്ടാക്കുന്ന സ്ത്രീയുമായി ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തിയതായി കണ്ടു' എന്ന് രാജ്കോട്ട് ജില്ലയിലെ റാലിക്കിടെ മോദി പറഞ്ഞു.
മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ സൃഷ്ടിച്ച നിയമതടസ്സങ്ങൾ കാരണം നർമ്മദ നദിക്ക് മുകളിലൂടെ സർദാർ സരോവർ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ട് തടസ്സപ്പെട്ടെന്ന് മോദി കുറ്റപ്പെടുത്തി.
മേധാ പട്കർ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തി. വോട്ട് ചോദിക്കാനെത്തുമ്പോൾ പദ്ധതിക്ക് എതിരായവരുടെ തോളിൽ കൈയിട്ടാണ് പദയാത്ര നടത്തിയതെന്ന് കോൺഗ്രസിനോട് പറയണമെന്നും മോദി ആഹ്വാനം ചെയ്തു.
മഹാരാഷ്ട്രയിൽ പര്യടനം നടത്തുന്ന പദയാത്രയിൽ നവംബർ 17നാണ് മേധാ പട്കർ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നത്. മേധയുടെ കൈപിടിച്ച് രാഹുൽ നടക്കുന്ന ചിത്രം കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.
2017ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനെതിരായ മേധാ പട്കറുടെ പ്രചാരണത്തെ ബിജെപി മുൻപും എതിർത്തിരുന്നു. 'നർമ്മദാ ബച്ചാവോ ആന്ദോളൻ' എന്ന പേരിൽ നർമദ സരോവർ പദ്ധതി കുടിയൊഴിപ്പിക്കുന്നവർക്കായി പ്രക്ഷോഭം നടത്തിയ വ്യക്തിയാണ് മേധാ പട്കർ.
നർമ്മദാ അണക്കെട്ടിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും സൗരാഷ്ട്രയിലെ ജനങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നതിനെ എതിർക്കുകയും ചെയ്ത മേധാ പട്കർ 'നർമ്മദ വിരുദ്ധ, ഗുജറാത്ത്, സൗരാഷ്ട്ര വിരുദ്ധ' ആണെന്ന് പാർട്ടി അധ്യക്ഷൻ ജെപി നദ്ദ ശനിയാഴ്ച പറഞ്ഞിരുന്നു. ഇത്തരക്കാർ രാഹുൽ ഗാന്ധിക്കൊപ്പം ചേരുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി.
ഗുജറാത്തികൾക്ക് വെള്ളം നിഷേധിച്ചവർക്കുവേണ്ടിയാണ് കോൺഗ്രസ് എംപി നിലകൊള്ളുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചിരുന്നു.
ന്യൂസ് ഡെസ്ക്