- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിലിൽ കഠിനമായ ഭക്ഷണക്രമവും യോഗയും; ആറ് മാസത്തിനിടെ സിദ്ദു 34 കിലോ ശരീരം ഭാരം കുറച്ചുവെന്ന് അനുയായി
അമൃത്സർ: ആറ് മാസത്തെ ജയിൽ ജീവിതത്തിനിടെ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു കുറച്ചത് 34 കിലോ ശരീരഭാരം. കഠിനമായ ഭക്ഷണക്രമത്തിലൂടെയും രണ്ടു മണിക്കൂർ നീളുന്ന യോഗയിലൂടെയും വ്യായാമത്തിലൂടെയുമാണ് സിദ്ദു ഇത്രയും ഭാരം കുറച്ചതെന്ന് അദ്ദേഹത്തിന്റെ അനുയായി നവ്തേജ് സിങ് ചീമ അവകാശപ്പെട്ടു.
1988-ൽ റോഡിൽ നടന്ന അടിപിടി കേസിൽ ഒരു വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന സിദ്ദുവിന്റെ നിലവിലെ ഭാരം 99 കിലോയാണ്. അദ്ദേഹത്തിന് നേരത്തെയുണ്ടായിരുന്ന കരൾ സംബന്ധമായ ആശങ്കൾക്ക് ഇപ്പോൾ കുറവ് തോന്നുന്നുണ്ടെന്നും ചീമ വ്യക്തമാക്കി.
'സിദ്ദു കുറഞ്ഞത് നാല് മണിക്കൂർ ധ്യാനിക്കുകയും രണ്ട് മണിക്കൂർ യോഗയും വ്യായാമവും ചെയ്യുന്നു. രണ്ട് മുതൽ നാല് മണിക്കൂർ വരെ വായിക്കുന്നു. നാല് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്' സിദ്ദുവിന്റെ അനുയായിയും മുൻ എംഎൽഎയുമായ ചീമ പറഞ്ഞു.
ശിക്ഷാ കാലാവധി കഴിഞ്ഞ സിദ്ദു പുറത്തിറങ്ങുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ക്രിക്കറ്റ് താരമായിരുന്ന കാലത്തേതു പോലെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതശൈലി. 34 കിലോ ഇതിനോടകം കുറച്ചു. ഇനിയും കുറയ്ക്കും. ഇപ്പോൾ 99 കിലോയുണ്ട്. എന്നാൽ ആറടി രണ്ടിഞ്ച് ഉയരമുള്ള സിദ്ദു, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ശരീരഭാരത്തിൽ സുന്ദരനാണ്. ധ്യാനത്തിന് കൂടുതൽ സമയം ചെലവിടുന്നതിനാൽ സിദ്ദു ശാന്തനായിയിട്ടുണ്ടെന്നും ചീമ പറഞ്ഞു. വെള്ളിയാഴ്ച സിദ്ദുവിനെ ജയിലിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നോൺ ആൽക്കഹോളിക് ഫാറ്റി ലിവറും എംബോളിസവും അദ്ദേഹത്തിനുണ്ടായിരുന്നു. തേങ്ങാവെള്ളം, ബദാം മിൽക്ക്, റോസ്‌മേരിചായ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഗോതമ്പും പഞ്ചസാരയും ഭക്ഷണത്തിൽനിന്ന് ഒഴിവാക്കി. ദിവസം രണ്ടു നേരം മാത്രമേ ഭക്ഷണം കഴിക്കൂ. വൈകീട്ട് ആറ് മണിക്ക് ശേഷം ഒന്നും കഴിക്കില്ല. ജയിലിൽ ഒരു ക്ലർക്കിന്റെ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. ജയിലധികൃതർ നൽകുന്ന ജോലികൾ തന്റെ തടവറയിൽ വച്ചാണ് സിദ്ദു ചെയ്യുന്നത്' ചീമ പറഞ്ഞു.
ന്യൂസ് ഡെസ്‌ക്