ഗുവാഹത്തി: അസമിലെ ദിബ്രുഗഡ് ജില്ലയിൽ ഗർഭിണിയായ അദ്ധ്യാപികയെ സംഘം ചേർന്ന് മർദ്ദിച്ച 22 സ്‌കൂൾ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥികൾ പഠനത്തിൽ മോശമാണെന്ന് മാതാപിതാക്കളെ അറിയിച്ചതാണ് കാരണം. കഴിഞ്ഞ ദിവസം ജവഹർ നവോദയ വിദ്യാലയത്തിലാണ് സംഭവം. അഞ്ച് മാസം ഗർഭിണിയായ ചരിത്ര അദ്ധ്യാപികയെയാണ് 10, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾ കൂട്ടമായി ആക്രമിച്ചത്. പേരന്റ്‌സ് മീറ്റിങ്ങിന് ശേഷം തടിച്ചുകൂടിയ വിദ്യാർത്ഥികൾ പ്രധാന കെട്ടിടത്തിന് മുന്നിൽ അദ്ധ്യാപികയെ ആക്രമിക്കുകയായിരുന്നു.

വിദ്യാർത്ഥികൾ അദ്ധ്യാപികയെ ആക്രമിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. പ്രിൻസിപ്പലിനെയും മറ്റൊരു അദ്ധ്യാപകനെയും വിദ്യാർത്ഥികൾ ആക്രമിച്ചു. പിടിഐ റിപ്പോർട്ട് ചെയ്ത പ്രകാരം മറ്റ് ചില വനിതാ അദ്ധ്യാപകരും സ്‌കൂൾ ജീവനക്കാരും ചില വിദ്യാർത്ഥിനികളും ചേർന്നാണ് അദ്ധ്യാപികയെ രക്ഷപ്പെടുത്തിയത്. കുഴഞ്ഞുവീണ അദ്ധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദ്ധ്യാപികയെ ആക്രമിച്ചതിന് നടപടിയെടുത്ത തന്നെ വിദ്യാർത്ഥികൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ രതീഷ് കുമാർ പറഞ്ഞു. ഔദ്യോഗികമായി പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ധ്യാപിക ആരോഗ്യം വീണ്ടെടുത്തു. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ അദ്ധ്യാപിക മാനസികമായി തകർന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിദ്യാർത്ഥികളെക്കുറിച്ച് നേരത്തെയും പരാതിയുയർന്നിരുന്നു. പരീക്ഷകളിൽ മോശം മാർക്ക് വാങ്ങിയത് രക്ഷിതാക്കളെ അറിയിച്ചതാണ് പ്രകോപനപരമായത്.