അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സഹായത്തോടെ ഉൾനാടൻ ഗ്രാമങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുമായി ആന്ധ്രപ്രദേശ് സർക്കാർ. ആർഎസ്എസുമായി ബന്ധമുള്ള സമരസത സേവാ ഫൗണ്ടേഷൻ (എസ്എസ്എഫ്) എന്ന എൻജിഒയുമായി സഹകരിച്ചായിരിക്കും ക്ഷേത്രങ്ങളുടെ നിർമ്മാണം.

ആന്ധ്രാപ്രദേശിൽ 1,400 ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള കർമ്മ പദ്ധതിക്ക് ഉടൻ തുടക്കമാകും. 1,060 ക്ഷേത്രങ്ങളുടെ നിർമ്മാണം സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ ഏറ്റെടുക്കുമെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ മാധ്യമങ്ങളോട് പറഞ്ഞു. 330 ഓളം ക്ഷേത്രങ്ങളുടെ നിർമ്മാണം ഏറ്റെടുക്കാൻ ഹിന്ദുമത സന്നദ്ധ സംഘടന സമരസത സേവാ ഫൗണ്ടേഷൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷത്തിനകം പുതിയ ക്ഷേത്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിന്റെയും നിർമ്മാണത്തിനായി 10 ലക്ഷം രൂപ ചെലവഴിക്കും. ക്ഷേത്ര നിർമ്മാണത്തിന് എട്ട് ലക്ഷം രൂപയും വിഗ്രഹ നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപയുമാണ് അനുവദിക്കുക. നാട്ടുകാരുടെയും ഭക്തരുടെയും പിന്തുണ സഹായവും സ്വീകരിക്കും. ക്ഷേത്ര നിർമ്മാണം കരാറുകാരെ ഏൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തികൾ നേരിട്ട് നിരീക്ഷിക്കാൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ (എഇഇ) റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും.

വെങ്കിടേശ്വര ക്ഷേത്രമാണെങ്കിൽ വിഗ്രഹങ്ങളുടെ ചെലവ് തിരുപ്പതി ക്ഷേത്രം ഏറ്റെടുക്കും. മറ്റ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ 25 ശതമാനം സബ്സിഡിയിൽ നൽകുമെന്നും അധികൃതർ പറഞ്ഞു. സർക്കാർ അനുവദിച്ച ഗ്രാന്റിനപ്പുറം കൂടുതൽ തുക സമാഹരിക്കാൻ തയാറായാൽ ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പ്രാദേശിക സംഘങ്ങളെ ഏൽപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, എൻഡോവ്മെന്റ് വകുപ്പ് തയ്യാറാക്കിയ ക്ഷേത്ര രൂപരേഖയിൽ മാത്രമേ നിർമ്മിക്കാൻ അനുവാദമുണ്ടാകൂവെന്നും സത്യനാരായണ പറഞ്ഞു.

നാട്ടുകാരുടെ ഇടയിൽ നിന്ന് പുരോഹിതനെ നിയമിക്കാൻ ഗ്രാമീണ സമിതികൾക്ക് അനുവാദമുണ്ട്. നാട്ടുകാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇത്രയും ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുർബല വിഭാഗങ്ങളിൽ നിന്നും ദലിത് വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ താമസിക്കുന്ന കോളനികളിലാണ് ഭൂരിഭാഗം ക്ഷേത്രങ്ങളും ഉയരുകയെന്നും അദ്ദേഹം വ്യക്തമാക്കി.