കരിംഗഞ്ച്: ശ്രദ്ധ വാൽക്കർ കൊലപാതകത്തിൽ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ നടത്തിയ ലൗ ജിഹാദ് പരാമർശത്തിന് മറുപടിയുമായി അസമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.ഡി.യു.എഫ്.) നേതാവ് ബദ്‌റുദ്ദീൻ അജ്മൽ. ജനസംഖ്യ വർധിപ്പിക്കുന്ന കാര്യത്തിൽ ഹിന്ദുക്കൾ മുസ്ലിം വിഭാഗക്കാരുടെ രീതി പിന്തുടരണമെന്ന് ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞു. ഹിന്ദുക്കൾ മക്കളെ ചെറിയ പ്രായത്തിൽത്തന്നെ വിവാഹം കഴിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം യുവാക്കൾ 20-നും 22-നുമിടയിലും, മുസ്ലിം സ്ത്രീകൾ നിയമപ്രകാരം 18-നു ശേഷവും വിവാഹം കഴിക്കുന്നവരാണ്. മറുവശത്ത് ഹിന്ദുക്കൾ വിവാഹത്തിന് മുന്നെത്തന്നെ രണ്ടോ മൂന്നോ സ്ത്രീകളുമായി നിയമവിരുദ്ധമായ ബന്ധം സ്ഥാപിക്കുന്നുവെന്ന് അജ്മൽ ആരോപിച്ചു. അവർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാതെ ആനന്ദിച്ചുനടന്ന് പണം ലാഭിക്കുന്നു. തുടർന്ന് രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി 40 വയസിനുശേഷം വിവാഹം കഴിക്കുന്നു. ആ പ്രായത്തിൽ എങ്ങനെയാണ് കുട്ടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവുക?

ഫലഭൂയിഷ്ഠമായ ഭൂമിയിൽ വിതച്ചാലേ നല്ല വിളകൾ ലഭിക്കൂ. ഇക്കാര്യത്തിൽ ഹിന്ദുക്കൾ മുസ്ലിങ്ങളുടെ രീതി പിന്തുടരണം. ചെറിയ പ്രായത്തിൽ തന്നെ മക്കളെ വിവാഹം കഴിപ്പിക്കണം. അപ്പോൾ അറിയാം എത്ര കുഞ്ഞുങ്ങൾ ജനിക്കുമെന്ന്-ബദ്‌റുദ്ദീൻ പറഞ്ഞു.

ലൗ ജിഹാദ് യാഥാർഥ്യമാണെന്നും ശ്രദ്ധ വാൽക്കറിന്റെ ക്രൂര കൊലപാതകത്തോടെ അത് സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടത് നരേന്ദ്ര മോദിയെപ്പോലെ ശക്തനായ ഒരു പ്രധാനമന്ത്രിയെയാണെന്നും അല്ലാത്ത പക്ഷം എല്ലായിടത്തും അഫ്താബുമാർ ജനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രദ്ധ വാൽക്കർ കൊലക്കേസിലെ പ്രതിയാണ് അഫ്താബ് അമീൻ പൂനാവാല.