ലഖ്നൗ: ഓൺലൈൻ ഗെയിം പന്തയംവച്ച് കളിച്ച് പണം നഷ്ടപ്പെടുത്തിയ ഭാര്യ വീട്ടിലേക്ക് തിരിച്ചുവരാൻ തയ്യാറായില്ലെന്ന പരാതിയുമായി ഭർത്താവ് രംഗത്ത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുള്ള നാഗർ കോട്ട്വാലിയിലാണ് സംഭവം.

പണം നഷ്ടമായതോടെ സ്വയം പണയപ്പെടുത്തി ഗെയിം കളിക്കുകയും അതിലും പരാജയപ്പെട്ടതോടെ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ തന്റെ ഭാര്യയെ 'സ്വന്തമാക്കി'യെന്നാണ് ഭർത്താവിന്റെ പരാതി. പല തവണ ആവശ്യപ്പെട്ടെങ്കിലും രണ്ട് കുട്ടികളുടെ അമ്മയായ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നില്ലെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു.

സ്വന്തം ഭാര്യ വീട്ടുടമയ്ക്കൊപ്പം താമസിക്കാൻ തുടങ്ങിയ വിവരമറിഞ്ഞ് ജോലിസ്ഥലത്തുനിന്ന് ഭർത്താവ് നാട്ടിലെത്തി പൊലീസിൽ പരാതി നൽകി.  യുവതി ഓൺലൈൻഗെയിം കളിച്ച് കെണിയിൽപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

ലുഡോ ഗെയിമിന് അടിമയായിരുന്ന യുവതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയുമായി സ്ഥിരം പന്തയംവച്ച്‌ഗെയിം കളിക്കാറുണ്ടായിരുന്നു. ജയ്പുരിൽ ജോലി ചെയ്യുന്ന ഭർത്താവ് അയച്ചുകൊടുക്കുന്ന പണമുപയോഗിച്ചാണ് ഗെയിം കളിച്ചിരുന്നത്. വീട്ടുടമയോട് പന്തയംവച്ച് കൈയിലുണ്ടായിരുന്ന പണം മുഴുവൻ നഷ്ടമായി.

ഇതോടെ സ്വയം പണയപ്പെടുത്തി ഗെയിം കളി തുടർന്നു. എന്നാൽ വീണ്ടും പരാജയപ്പെട്ടതോടെ യുവതി വീട്ടുടമയോടൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവിച്ചതെല്ലാം യുവതി ഭർത്താവിനോട് ഫോൺ വിളിച്ചു പറയുകയും ചെയ്തു. ഇതോടെ ജോലിസ്ഥലത്തുനിന്ന് മടങ്ങിയെത്തിയ ഭർത്താവ് പൊലീസിൽ പരാതി നൽകി. സംഭവം ഭർത്താവ് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

തന്റെ വീട്ടിലേക്ക് തിരിച്ചുവരാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ലെന്ന് ഭർത്താവ് പറയുന്നു. ആറുമാസം മുമ്പാണ് യുവതിയും ഭർത്താവും നാഗർ കോട്ട്വാലിയിലെ ദേവ്കാളിയിൽ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഭർത്താവ് ജയ്പുരിലാണ് ജോലി ചെയ്തിരുന്നത്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.