റായ്പൂർ: ഛത്തീസ്‌ഗണ്ഡിൽ ആശുപത്രിയിൽ നാല് നവജാതശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി ബന്ധുക്കൾ. സുർഗുജ ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 5.30നും 8.30നും ഇടയിലാണ് എസ്.എൻ.സി.യു യൂനിറ്റിൽ ചികിത്സയിലുണ്ടായിരുന്ന നവജാതശിശുക്കൾ മരിച്ചത്.

ആശുപത്രിയിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതാണ് വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങൾ മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, വൈദ്യുതി തടസം എസ്.എൻ.സി.യുവിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

എസ്.എൻ.സി.യു യുനിറ്റിൽ 35ഓളം കുട്ടികൾ ചികിത്സയിലുണ്ട്. മരണകാരണം വ്യക്തമല്ലെന്നും കുഞ്ഞുങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്നും ആശുപത്രി അറിയിച്ചു. ആരുടെയെങ്കിലും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ആശുപത്രിയുടെ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.