ഉജ്ജയിനി: ക്ഷേത്ര പരിസരത്ത് സിനിമാ പാട്ടുവച്ച് നൃത്തം ചെയ്ത രണ്ട് വനിതാ സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാളീശ്വർ ക്ഷേത്രത്തിലാണു സംഭവം. ജോലി സമയത്ത് കൃതനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ക്ഷേത്ര പരിസരത്ത് സിനിമാ പാട്ടുവച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ യുവതികൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണു ക്ഷേത്ര ഭാരവാഹികൾ ഇരുവരേയും ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.

സ്വകാര്യ ഏജൻസിയുടെ കീഴിൽ സുരക്ഷാ ജീവനക്കാരായി എത്തിയവരാണ് ഇവർ. ജോലി സമയങ്ങളിൽ സുരക്ഷാ ജീവനക്കാർക്കു സ്മാര്ട് ഫോണുകൾ ഉപയോഗിക്കാൻ അനുവാദമില്ല. കീപാഡ് മൊബൈലുകൾ മാത്രമേ ഉപയോഗിക്കാവൂ. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഞായറാഴ്ച യുവതികളെ ജോലിയിൽനിന്നു പിരിച്ചുവിട്ടതെന്നു ക്ഷേത്ര ഭാരവാഹിയായ സന്ദീപ് സോണി പറഞ്ഞു. മൂന്നു ഷിഫ്റ്റുകളിലായി 390 സുരക്ഷാ ജീവനക്കാരാണ് ക്ഷേത്രത്തിൽ ജോലി ചെയ്യുന്നത്. ഒരു ഷിഫ്റ്റിൽ വനിതാ ജീവനക്കാരുൾപ്പെടെ 75 പേരാണുള്ളത്.