ചെന്നൈ: മൻഡൂസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ വിമാനങ്ങളടക്കം പതിനാറ് സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.

റദ്ദാക്കിയ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്നവർ കൂടുതൽ വിവരങ്ങൾക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ചെന്നൈ വിമാനത്താവള അധികൃതർ ട്വീറ്റ് ചെയ്തു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദമാണ് മൻഡൂസ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് 85 കിലോമീറ്റർ വേഗതയിൽ വെള്ളിയാഴ്ച തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻതീരം എന്നിവടങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. ആൾക്കാരെ ഒഴിപ്പിക്കുകയും വടക്കൻ തീരദേശങ്ങളിൽ 5000 പുനരധിവാസക്യാമ്പുകൾ തുറക്കുകയും ചെയ്തതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ദേശീയ ദുരന്തസേനയുടേയും സംസ്ഥാന ദുരന്തസേനയുടേയും സംഘങ്ങൾ സജ്ജമായിട്ടുണ്ട്.