കുളു: ഹിമാചൽപ്രദേശിൽ മത്സരിച്ച മുഴുവൻ എ.എ.പി സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച പണം നഷ്ടമായി. പാർട്ടിക്കായി മത്സരിച്ച 67 സ്ഥാനാർത്ഥികൾക്കും യാതൊരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല. രണ്ട് പാർട്ടികൾക്കും ബദലെന്ന നിലയിൽ ഹിമാചലിൽ മൂന്നാം ശക്തിയാവുമെന്ന എ.എ.പിയുടെ മോഹങ്ങൾക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.

ലോക്‌സഭ മുൻ എംപിയായ രാജൻ സുശാന്ത് ഫത്തേപ്പൂർ മണ്ഡലത്തിൽ തോറ്റു. പഞ്ചാബുമായി അതിർത്തി പങ്കിടുന്ന ചില മണ്ഡലങ്ങളിൽ പോലും എ.എ.പിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിമാചൽപ്രദേശിൽ അരവിന്ദ് കെജ്രിവാൾ റോഡ് ഷോ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇടക്കുവെച്ച് എ.എ.പി പ്രചാരണത്തിന്റെ വേഗം കുറഞ്ഞിരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ബിജെപിയും കോൺഗ്രസും റാലി നടത്തിയപ്പോൾ എ.എ.പി പൂർണമായും വിട്ടുനിൽക്കുകയായിരുന്നു.