മുംബൈ: സ്വത്തു തർക്കത്തെ തുടർന്ന് പ്രശസ്ത ടെലിവിഷൻ നടി വീണാ കപൂറിനെ (74) മകൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ മകൻ സച്ചിൻ കപൂറിനെയും വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡലിനെയും പൊലീസ് അറസ്റ്റു ചെയ്തു. വീണയെ ബെയ്‌സ്‌ബോൾ ബാറ്റുകൊണ്ട് തുടരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മുംബൈയിലെ ജുഹുവിലാണ് സംഭവം. കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയിൽ വലിച്ചെറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. 90 കിലോമീറ്റർ അകലെയുള്ള കാട്ടിലെ നദിയിലാണ് മൃതദേഹം ഒഴുക്കിയത്

വീണയും സച്ചിനും തമ്മിൽ ഏറെക്കാലമായി സ്വത്തുതർക്കമുണ്ട്. ഡിസംബർ ആറിന് വീണ താമസിച്ചിരുന്ന കൽപടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. മകനെ ചോദ്യം ചെയ്തതിലൂടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.

12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട് അമ്മയുമായി തർക്കത്തിൽ ഏർപ്പെട്ടെന്നും ഇതിന്റെ ദേഷ്യത്തിൽ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്നുമാണ് സച്ചിൻ പൊലീസിനോടു പറഞ്ഞത്.