ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം മറച്ചുവയ്ക്കപ്പെട്ട പ്രശ്നമായി ഇപ്പോഴും തുടരുന്നുവെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കുറ്റവാളി കുടുംബാംഗമായാൽ പോലും പീഡനം റിപ്പോർട്ട് ചെയ്യാൻ കുടുംബാംഗങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമത്തെക്കുറിച്ചുള്ള ദ്വിദിന ദേശീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ക്രിമിനൽ നീതിന്യായ വ്യവസ്ഥ ചിലപ്പോൾ ഇരകളുടെ മാനസികാഘാതം വർധിപ്പിക്കുന്ന തരത്തിലാണു പ്രവർത്തിക്കുന്നതെന്നതു ദൗർഭാഗ്യകരമായ വസ്തുതയാണ്. ഇത് സംഭവിക്കുന്നതു തടയാൻ അതിനാൽ എക്‌സിക്യൂട്ടീവ് ജുഡീഷ്യറിയുമായി കൈകോർക്കേണ്ടത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

''കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനെക്കുറിച്ചും അതിന്റെ സമയോചിതമായ അംഗീകാരത്തെക്കുറിച്ചും നിയമത്തിൽ ലഭ്യമായ പ്രതിവിധിയെക്കുറിച്ചും സർക്കാരും ബന്ധപ്പെട്ട ഏജൻസികളും അവബോധം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ സ്പർശനവും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം കുട്ടികളെ പഠിപ്പിക്കണം,'' ചീഫ് ജസ്റ്റിസ് പറഞ്ഞു.

'എല്ലാത്തിനുമുപരിയായി, കുടുംബത്തിന്റെ ബഹുമാനമെന്നു വിളിക്കപ്പെടുന്നതിനു കുട്ടിയെ സംബന്ധിച്ച മികച്ച പരിഗണനയേക്കാൾ മുൻഗണന നൽകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അടിയന്തിര ആവശ്യമാണ്. കുറ്റവാളി കുടുംബാമാണെങ്കിൽ പോലും പീഡനം റിപ്പോർട്ട് ചെയ്യാൻ കുടുംബാംഗങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കണം,'' അദ്ദേഹം പറഞ്ഞു.

''ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനരീതി ചിലപ്പോൾ നാടകീയവും ഇരകളുടെ ആഘാതവും കൂട്ടുന്നതുമാണെന്നതു നിർഭാഗ്യകരമായ വസ്തുതയാണ്. ഇതു സംഭവിക്കുന്നത് തടയാൻ എക്സിക്യൂട്ടീവ് ജുഡീഷ്യറിയുമായി കൈകോർക്കേണ്ടത് അനിവാര്യമാണ്,'' അദ്ദേഹം പറഞ്ഞു. പോക്‌സോ നിയമത്തിനു കീഴിലുള്ള സമ്മതത്തിന്റെ പ്രായത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്ക കണക്കിലെടുക്കണമെന്നു ചീഫ് ജസ്റ്റിസ് നിയമനിർമ്മാണ സഭയോട് അഭ്യർത്ഥിച്ചു.

''പ്രായപൂർത്തിയാകാത്തവർക്കിടയിൽ വസ്തുതാപരമായി സമ്മതമുണ്ടോയെന്നതു പരിഗണിക്കാതെ തന്നെ, 18 വയസിനു താഴെയുള്ളവർക്കിടയിലെ എല്ലാ ലൈംഗിക പ്രവർത്തനങ്ങളും പോസ്‌കോ നിയമ പ്രകാരം കുറ്റകരമാകുമെന്നു നിങ്ങൾക്കറിയാം, കാരണം 18 വയസിനു താഴെയുള്ളവർക്കിടയിൽ സമ്മതമില്ലെന്നതാണു നിയമത്തിന്റെ അനുമാനം,'' ചീഫ് ജസ്റ്റിസ് പറഞ്ഞു.