അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടിയുടെ അഞ്ച് എംഎൽഎമാരിൽ ഒരാൾ ബിജെപിയിൽ ചേക്കേറാനൊങ്ങുന്നതായി റിപ്പോർട്ട്. വിശ്വദാർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭൂപത് ഭയാനിയാണ് ബിജെപിയിലേക്ക് ചേരാൻ ഒരുങ്ങുന്നത്. എന്നാൽ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് ഭൂപത് ഭയാനി പ്രതികരിച്ചതെന്ന് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡിസംബർ ഒന്ന് അഞ്ച് തിയതികളിലായി നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത് ഡിസംബർ എട്ടിനായിരുന്നു. ആം ആദ്മി പാർട്ടിക്ക് അഞ്ചു സീറ്റുകളാണ് ലഭിച്ചത്. ഇവരുമായി ബിജെപി നേതൃത്വം ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. സ്വതന്ത്ര എംഎൽഎമാരുമായും ബിജെപി ചർച്ച നടത്തിയിട്ടുണ്ട്. ഇവരിൽ ഒരാളായ വഘോഡിയ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ധർമേന്ദ്രസിങ് വഗേലയും പാർട്ടി വിടാൻ ഒരുങ്ങുന്നതായാണ് സൂചന.

ബിജെപിയിൽ ചേരാനൊരുങ്ങുന്ന എഎപി എംഎൽഎ ഭൂപത് ഭയാനി കോൺഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് വിജയിച്ചത്. നേരത്തെ ബിജെപിയിലായിരുന്ന അദ്ദേഹം രണ്ടു വർഷം മുമ്പാണ് ബിജെപി വിട്ട് എഎപിയിൽ ചേർന്നത്. ഇവിടുത്തെ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയായിരുന്ന ഹർഷദ് കുമാർ റിബാദിയ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും ചെയ്തിരുന്നു. ഇയാളെ 7063 വോട്ടുകൾക്കാണ് ഭൂപത് ഭയാനി പരാജയപ്പെടുത്തിയത്.