ബംഗളൂരു: കർണാടകയിലെ വിവിധ ക്ഷേത്രത്തിലെ പ്രത്യേക പൂജയായ 'സലാം ആരതി'യുടെ പേര് മാറ്റുന്നു. ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. ഇനി മുതതൽ 'ആരതി നമസ്‌കാര' എന്ന പേരിലായിരിക്കും പൂജ അറിയപ്പെടുക. പേരുമാറ്റിയുള്ള സർക്കുലർ കർണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിൾ എൻഡോവ്മെന്റ്സ് മന്ത്രി ശശികല ജോള്ളെ ഉടൻ പുറത്തിറക്കും. 

പേർഷ്യൻ ബന്ധമുള്ള പൂജാനാമങ്ങൾ മാറ്റി പകരം സംസ്‌കൃതമാക്കാനാണ് തീരുമാനം. ഇതുപ്രകാരം ഇനിമുതൽ സലാം ആരതി, ആരതി നമസ്‌കാര എന്നും സലാം മംഗളാരതി, മംഗളാരതി നമസ്‌കാര എന്നും സലാം ദേവഡിഗെ, ദേവഡിഗെ നമസ്‌കാര എന്നും പേരുകളിൽ അറിയപ്പെടും.

ടിപ്പുവിന്റെയും ഹൈദരലിയുടെയും കാലത്ത് എന്നും വൈകീട്ട് ഏഴു മണിക്കായിരുന്നു പൂജ. സലാം ആരതിക്കു പുറമെ സലാം മംഗളാരതി, ദേവഡിഗെ സലാം തുടങ്ങിയ പൂജകളും ഇത്തരത്തിൽ ആരംഭിച്ചതാണ്. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ഇപ്പോഴും പൂജകൾ തുടരുന്നുണ്ട്. പ്രശസ്താമായ കൊല്ലൂർ ശ്രീമൂകാംബിക, പുത്തൂർ ശ്രീ മഹാലിംഗേശ്വര, കുക്കെ സുബ്രഹ്‌മണ്യ, മാണ്ഡ്യ മേലുകോട്ടെ തുടങ്ങിയ ക്ഷേത്രങ്ങളെല്ലാം ഇവയിൽ ഉൾപ്പെടും.

ടിപ്പുവിന്റെ പേരിൽ ആരംഭിച്ച പൂജകൾ അവസാനിപ്പിക്കണമെന്ന് ഹിന്ദുത്വ സംഘടനകൾ കാലങ്ങളായി ആവശ്യമുയർത്തുന്നുണ്ട്. എന്നാൽ, പൂജകളുടെ പേരുകൾ പേർഷ്യനാണെന്നും ഹിന്ദു മതവുമായി ബന്ധമില്ലാത്തതാണെന്നും അടുത്തിടെ വിവിധ പൂജാരിമാരും ചൂണ്ടിക്കാട്ടിയതോടെയാണ് പേരുമാറ്റത്തിനു നീക്കം നടക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രപൂജാരിമാരുടെയും ഭാരവാഹികളുടെയും സമിതിയായ രാജ്യധാർമിക പരിഷത്തിലും പൂജകളുടെ പേരുമാറ്റാൻ തീരുമാനമായിരുന്നു.