ന്യൂഡൽഹി: രാജ്യത്ത് പൊതുഗതാഗത സംവിധാനം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സ്ത്രീകളെന്ന് ലോകബാങ്ക്. സ്ത്രീകളുടെ 84 ശതമാനം യാത്രകൾക്കും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും യാത്രരീതികളെക്കുറിച്ച് ലോകബാങ്ക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

കൂടുതൽ സ്ത്രീകളും കാൽനടയായി യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 45.4 ശതമാനം സ്ത്രീകൾ കാൽനടയായി ജോലിക്ക് പോകുമ്പോൾ പുരുഷന്മാരിൽ ഇത് 27.4 ശതമാനം മാത്രമാണ്.

സ്ത്രീകൾ പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിക്കുന്നത് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണെന്നാണ് പഠനം പറഞ്ഞുവയ്ക്കുന്നത്. വേഗതയേറിയ യാത്രകൾക്ക് ചെലവ് കൂടുന്നതിനാൽ ഇവർ സാവധാനമുള്ള യാത്രകളെ കൂടുതലായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അതേസമയം പൊതുവിടങ്ങളിൽ ആവശ്യമായ സുരക്ഷയില്ലാത്തത് സ്ത്രീകൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.

ആഗോളതലത്തിൽ ജോലി ചെയ്യുന്ന വനിതകളുടെ നിരക്കിൽ ഇന്ത്യ വളരെ പിന്നിലാണ്. 2019 - 20ൽ 22.8 ശതമാനമാണ് ഇന്ത്യയുടെ സ്ഥാനം. പൊതുഗതാഗത സംവിധാനത്തിലെ സുരക്ഷിതത്വമില്ലായ്മയാണ് ഇതിലെ പ്രധാനകാരണമായി വിലയിരുത്തുന്നത്. സ്ത്രീസുരക്ഷ അടിസ്ഥാനപ്പെടുത്തിയല്ല പൊതുഗതാഗതസംവിധാനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതെന്ന വിമർശനവും സർവെ മുന്നോട്ട് വയ്ക്കുന്നു.