ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ. കോവിഡിന് മുൻപ് 58 വയസിന് മുകളിലുള്ള വനിതാ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനവും 60 വയസിനു മുകളിലുള്ള പുരുഷന്മാർക്ക് 40 ശതമാനവും ഇളവ് അനുവദിച്ചിരുന്നു. ഗരീബ് രഥ്, ഗതിമാൻ എക്സ്പ്രസ്, സുവിധ, ഹംസഫർ എന്നീ ട്രെയിനുകൾ ഒഴികെയുള്ളവയ്ക്ക് ഇളവുകൾ ബാധകമായിരുന്നു. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി നൽകിയ ശുപാർശകളുടെ തൽസ്ഥിതി വിവരങ്ങൾക്കായുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് റെയിൽവേ അറിയിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് മാസങ്ങൾക്കു ശേഷവും ടിക്കറ്റ് ഇളവുകൾ പുനഃസ്ഥാപിക്കാത്തതിൽ പാർലമെന്റിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നാണ് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചത്. ടിക്കറ്റ് നിരക്കിലെ ഇളവുകൾ വരുമാന നഷ്ടമാണെന്നാണ് റെയിൽവേയുടെയും മറുപടി.

പാസഞ്ചർ ട്രെയിനുകളിലെ ടിക്കറ്റ് ഇളവുകൾ കാരണം പ്രതിവർഷം 1,800 കോടി നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്. ഇളവുകൾ ഒഴിവാക്കിയ 202021 കാലയളവിൽ ഇത് 38 കോടിയായി കുറഞ്ഞുവെന്നും റെയിൽവേ വാദിക്കുന്നു. 2015നും 2018 നും ഇടയിൽ യാത്ര ചെയ്ത മുതിർന്ന പൗരന്മാരിൽ 65 ശതമാനത്തിലധികം പേരും സ്ലീപ്പർ ക്ലാസുകളോ നോൺ എസി കോച്ചുകളോ ആണ് തിരഞ്ഞെടുത്തതെന്ന് റയിൽവേ സമ്മതിക്കുന്നുണ്ട്. ഇളവുകളുടെ പ്രയോജനം ലഭിക്കുന്ന മുതിർന്ന പൗരന്മാർ ഇടത്തരക്കാരോ പാർശ്വവൽക്കരിക്കുപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരോ ആണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.

മുതിർന്ന പൗരന്മാരുടെ ഇളവുകൾ ഒഴിവാക്കിയതിന് പിന്നാലെ റയിൽവേയുടെ വരുമാന വിശദാംശങ്ങളും വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. 2020 ഏപ്രിലിനും 2022 സെപ്റ്റംബറിനുമിടയിൽ 6.8 കോടി പുരുഷന്മാരും 4.54 കോടിയും സ്ത്രീകളും ഉൾപ്പെടെ മുതിർന്ന പൗരന്മാർക്ക് 11.3 കോടി ടിക്കറ്റുകൾ വിറ്റതിലൂടെ 5,808.85 കോടി രൂപ ലഭിച്ചുവെന്നാണ് റയിൽവേയുടെ മറുപടി. പുരുഷന്മാരിൽ നിന്ന് 3,434 കോടി രൂപയും സ്ത്രീ യാത്രക്കാരിൽ നിന്ന് 2,373 കോടി രൂപയുമാണ് നേടിയത്.

മുതിർന്ന പൗരന്മാരുടെ ഇളവുകൾ ഒഴിവാക്കിയതിലൂടെ പുരുഷന്മാരിൽ നിന്ന് 1,300 കോടി രൂപയും മുതിർന്ന സ്ത്രീകളിൽ നിന്ന് 1,200 കോടി രൂപയും ലാഭമുണ്ടായതായി റയിൽവേ പറയുന്നു. സ്ലീപ്പർ, ത്രീ ടെയർ എസി കോച്ചുകളിലെ മുതിർന്ന യാത്രക്കാരുടെ ടിക്കറ്റ് ഇളവ് പുനഃസ്ഥാപിക്കണമെന്ന് റയിൽവേ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. യാത്രകൾ സാധാരണനിലയിലേക്ക് നീങ്ങുന്നതിനാൽ യാത്രക്കാർക്ക് അനുവദിച്ച ഇളവുകൾ വിവേകത്തോടെ പുനഃപരിശോധിക്കണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.