മുംബൈ: മഹാരാഷ്ട്ര സർക്കാർ സ്ത്രീകളുടെ സംരക്ഷണത്തിനായി നിർഭയ ഫണ്ട് ഉപയോഗിച്ച് മുംബൈ പൊലീസ് വാങ്ങിയ നിരവധി വാഹനങ്ങൾ ഉപയോഗിക്കുന്നത് ഭരണപക്ഷ എംഎൽഎമാർക്ക് സുരക്ഷ ഒരുക്കാനെന്ന് വിമർശനം. വിഷയത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം കനക്കുന്നു.

ഫണ്ടിൽ നിന്ന് 30 കോടി ചെലവിട്ട് ഇക്കഴിഞ്ഞ ജൂണിൽ 220 ബൊലീറോകളും 35 എട്രിഗസ്സും 313 പൾസർ മോട്ടോർസൈക്കിളുകളും 200 ആക്ടീവ ഇരുചക്രവാഹനങ്ങളുമാണ് മുംബൈ പൊലീസ് വാങ്ങിയത്.

ജൂലൈയിൽ ഇവ 97 പൊലീസ് സ്റ്റേഷനുകൾ, സൈബർ-ട്രാഫിസ്-തീരദേശ പൊലീസ് എന്നിവക്ക് വിതരണം ചെയ്തു. ഇതിൽ ?47 ബൊലീറോകൾ ഷിൻഡെ വിഭാഗത്തിലുള്ള എംപിമാർക്കും എംഎ‍ൽഎമാർക്കും വൈപ്ലസ് സുരക്ഷ ഒരുക്കുന്നതിന് സംസ്ഥാന പൊലീസ് വി.ഐ.പി സെക്യൂരിറ്റി വിഭാഗത്തിന്റെ ഉത്തവിനെ തുടർന്ന് മോട്ടോർ ട്രാൻസ്‌പോർട്ട് വകുപ്പ് നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ആവശ്യപ്പെട്ടു.

17 വാഹനങ്ങൾ ആവശ്യം നിറവേറ്റിയ ശേഷം പൊലീസ് സ്റ്റേഷനുകളിലേക്ക് തിരികെ നൽകി. 30 ബൊലീറോകൾ ഇനിയും തിരികെ ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ സുരക്ഷയെക്കാൾ വലുതാണോ എംഎ‍ൽഎമാരുടെ സുരക്ഷയെന്ന് എൻ.സി.പി ചോദിച്ചു.

എന്നാൽ ആരോപണം സംസ്ഥാന മന്ത്രി തള്ളിയിട്ടുണ്ട്. ''ഒരു ഓഡിറ്റിന്റെ ആവശ്യം പോലും ഇതിലില്ല. ഈ സർക്കാർ അധികാരത്തിലേറിയതു മുതൽ ഓരോരോ ആരോപണങ്ങളുമായി എത്തുകയാണ് മഹാ വികാസ് അഗാഡി.''-മന്ത്രി മംഗൾ പ്രഭാത് ലോധ ആരോപിച്ചു.

നിർഭയ ഫണ്ട് ചെലവഴിച്ചതിനെ കുറിച്ച് ഓഡിറ്റ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഏക്‌നാഥ് ഷിൻഡെക്കെതിരെ ഉദ്ധവ് താക്കറെ വിഭാഗവും കോൺഗ്രസും എൻ.സി.പിയും വൻ പ്രതിഷേധവുമായാണ് എത്തിയത്.

രാജ്യത്തെ ഞെട്ടിച്ച നിർഭയ കൊലപാതക്കേസിനു പിന്നാലെ 2013ലാണ് കേന്ദ്ര സർക്കാർ 1000 കോടിയുടെ നിർഭയ ഫണ്ട് പ്രഖ്യാപിച്ചത്. സ്ത്രീ സുരക്ഷാ നടപടികൾക്കായി സംസ്ഥാന സർക്കാരുകൾക്കാണ് ഫണ്ട് നൽകുന്നത്. പദ്ധതിയുടെ ഭാഗമായി നിരവധി പൊലീസ് സ്റ്റേഷനുകളിലേക്ക് വാഹനങ്ങൾ വിതരണം ചെയ്തിരുന്നു.