പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി ആർജെഡി. പ്രധാനമന്ത്രിയാകാൻ സർവഗുണങ്ങളും തികഞ്ഞ നേതാവാണു നിതീഷ് കുമാറെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ് പറഞ്ഞു.

ഗുജറാത്തിനേക്കാൾ ലോക്‌സഭാംഗങ്ങളുള്ള ബിഹാറിൽനിന്ന് എന്തുകൊണ്ടു പ്രധാനമന്ത്രി വന്നുകൂടെന്നു ജഗദാനന്ദ സിങ് ചോദിച്ചു. ബിജെപിക്കെതിരെ മൂന്നാം മുന്നണിയല്ല, മുഖ്യ മുന്നണിയാണ് രൂപീകരിക്കേണ്ടതെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ആർജെഡി നേതാവ്. ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത ജനതാദൾ (യു) ദേശീയ കൗൺസിലിലാണു മുഖ്യ മുന്നണി രൂപീകരിക്കണമെന്നു നിതീഷ് അഭിപ്രായപ്പെട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിക്കാൻ യോഗ്യൻ നിതീഷ് കുമാറാണെന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നേരത്തേ നിലപാടു വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ നിതീഷ് കുമാർ വീണ്ടും മലക്കം മറിയുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ പ്രതികരിച്ചു.