ഫരീദാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അധികൃതരുടെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടാനായി നോട്ടുകൾ വിഴുങ്ങാൻ ശ്രമിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

ചൊവ്വാഴ്ച പോത്തുമോഷണ കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സബ് ഇൻസ്‌പെക്ടർ മഹേന്ദ്ര ഉല വിജിലൻസിന്റെ പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി പണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ എസ്‌ഐ ഇതു വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് ബലംപ്രയോഗിച്ച് എസ്‌ഐയെ വിജിലൻസ് നിലത്ത് കിടത്തുന്നതും വായിലേക്ക് കൈയിട്ട് നോട്ടുകൾ വലിച്ചെടുക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ വിജിലൻസ് ശ്രമം തടയാൻ ശ്രമിച്ച മറ്റൊരാളെ ഉദ്യോഗസ്ഥർ തള്ളിമാറ്റുന്നതും കാണാം.

പോത്തുമോഷണ കേസിൽ കുറ്റക്കാരനെതിരെ നടപടിയെടുക്കുന്നതിന് സബ് ഇൻസ്‌പെക്ടർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പോത്തിന്റെ ഉടമയായ ശുഭാനന്ദിൽ നിന്ന് 10,000 രൂപയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

ആറായിരം രൂപ ഇതിനകം ഉടമയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കലാക്കിയിരുന്നു. ബാക്കി പണം ചോദിച്ചതോടെ ഉടമ വിജിലൻസിനെ വിവരം അറിയിച്ചു. വിജിലൻസ് നൽകിയ നോട്ടുകൾ കൈമാറുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈയോടെ പിടിയിലായതും നോട്ട് വിഴുങ്ങാൻ ശ്രമിച്ചതും.