ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ പങ്കെടുത്തതിനെതിരെ വിമർശനവുമായി ബിജെപി. അടുത്ത മന്മോഹൻ സിംഗാകുമെന്ന് കരുതിയാണ് രഘുറാം രാജന്റെ നീക്കങ്ങളെന്നാണ് ബിജെപിയുടെ വിമർശനം. പിന്നാലെ ഭാവി ഇന്ത്യയുടെ സുരക്ഷയ്ക്കായാണ് യാത്രയെന്ന കുറിപ്പോടെ രാഹുലും രഘുറാം രാജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു.

രാജസ്ഥാനിലെ സവായ് മധോപൂരിലെത്തിയപ്പോഴാണ് രഘുറാം രാജൻ ഇന്നലെ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ ചേർന്നത്. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കൂടുതൽ പേർ കൈകോർക്കുമ്പോൾ യാത്ര വിജയമാകുമെന്ന കുറിപ്പോടെ കോൺഗ്രസ് ഇരുവരുടെയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. സാമൂഹ്യമാധ്യമങ്ങളിൽ ഇത് ചർച്ചയായതോടെയാണ് ബിജെപി വിമർശനവുമായെത്തിയത്.

രഘുറാം രാജൻ യാത്രയിൽ പങ്കെടുത്തതിൽ അത്ഭുതമില്ല, അടുത്ത മന്മോഹൻ സിംഗാകുമെന്നാണ് രഘുറാം രാജന്റെ പ്രതീക്ഷ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെകുറിച്ചുള്ള രഘുറാം രാജന്റെ അഭിപ്രായങ്ങൾ പുച്ഛിച്ച് തളണമെന്നും ഇത് അവസരവാദപരമെന്നുമാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റ്.

പിന്നാലെ രാഹുലും രഘുറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചു. സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അന്തസത്തയാണ്. ഒരുമ മികച്ച സമ്പദ് വ്യവസ്ഥയുടെ അടിത്തറയെന്നും രാഹുൽ കുറിച്ചു. മന്മോഹൻ സിംഗിന്റെ കാലത്ത് റിസർവ്വ് ബാങ്ക് ഗവർണ്ണറായ രഘുറാം രാജൻ നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷവും രണ്ട് വർഷം ഈ സ്ഥാനത്ത് തുടർന്നിരുന്നു. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെ നിരന്തരം വിമർശിക്കുന്ന രഘുറാം രാജന്റേത് രാഷ്ടീയ നിലപാടെന്ന വ്യഖ്യാനം നൽകാൻ യാത്രയിലെ സാന്നിധ്യം ബിജെപി ആയുധമാക്കുകയാണ്.