ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്കെതിരേ രൂക്ഷവിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. നരേന്ദ്ര മോദിക്കെതിരേ ഐക്യരാഷ്ട്രസഭയിൽ ബിലാവൽ നടത്തിയ പരാമർശത്തിലാണ് മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.

അതേസമയം, ബിലാവലിന്റെ പരാമർശത്തിനെതിരേ പ്രതിഷേധവുമായി ബിജെപി. പ്രവർത്തകരും രംഗത്തെത്തി. ഡൽഹിയിലെ പാക്കിസ്ഥാൻ  എംബസിക്കു മുന്നിലാണ് ബിലാവലിനെതിരായ പ്രതിഷേധവുമായി പ്രവർത്തകർ എത്തിയത്. ബിജെപിയുടെ ഡൽഹി ഘടകത്തിലെ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. വർക്കിങ് പ്രസിഡന്റ് വീരേന്ദ്ര സച്ദേവയുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളും ബാനറുമായാണ് ഇവർ എത്തിയത്. ബിലാവൽ മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.

ബിലാവലിന്റെ പരാമർശത്തിനെതിരേ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. പാക്കിസ്ഥാൻ  ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്ന വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വിമർശനത്തിനു പിന്നാലെയാണ് ബിലാവലിന്റെ വിവാദ പ്രസ്താവന എത്തിയത്.