- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മദ്യപിച്ച് ലക്കുകെട്ട് അന്ന് പാർലമെന്റിൽ വന്നിരുന്നു; ഇന്ന് ഒരു സംസ്ഥാനം ഭരിക്കുന്നു'; ഭഗവന്ത് മന്നിനെതിരെ ഹർസിമ്രത് കൗർ ബാദൽ
ന്യൂഡൽഹി: ലോക്സഭയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ കടുത്ത വിമർശനവുമായി ശിരോമണി അകാലിദൾ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ. എംപിയായിരുന്ന കാലത്ത് മൻ പാർലമെന്റിൽ എത്തിയിരുന്നത് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നെന്നും അദ്ദേഹത്തിനടുത്തിരുന്ന എംപിമാർ മന്നിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നും കൗർ ആരോപിച്ചു.
'കുറച്ച് കാലം മുമ്പുവരെ ഞങ്ങളുടെ മുഖ്യമന്ത്രി പാർലമെന്റിൽ വന്നിരുന്നു. മദ്യപിച്ച് ലക്കുകെട്ട് എത്തിയിരുന്ന അദ്ദേഹം ഇപ്പോൾ ഒരു സംസ്ഥാനം ഭരിക്കുകയാണ്. പാർലമെന്റിൽ അന്ന് അടുത്ത് ഇരിന്നിരുന്ന എംപിമാർ അദ്ദേഹത്തിനെതിരേ പരാതി പറയാറുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അവസ്ഥയിതാണെങ്കിൽ സംസ്ഥാനത്തിന്റെ അവസ്ഥ നിങ്ങൾക്ക് ആലോചിക്കാവുന്നതേയുള്ളൂ. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന ബോർഡുകൾ നിങ്ങൾക്ക് റോഡിൽ കാണാം. എന്നാൽ അവർ മദ്യപിച്ച് ഒരു സംസ്ഥാനംതന്നെ ഓടിക്കുകയാണ്', കൗർ പറഞ്ഞു.
പഞ്ചാബിയിലായിരുന്നു മുൻ കേന്ദ്രമന്ത്രിയുടെ പരാമർശം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. ഒരു ചെറു ചിരിയായിരുന്നു ഹർസിമ്രത് കൗറിന്റെ പരാമർശത്തോട് ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്പീക്കർ ഓം ബിർളയുടെയും പ്രതികരണം.
മുഖ്യമന്ത്രിയുടെ മദ്യപാനത്തിനെതിരെ ശിരോമണി അകാലിദൾ നേരത്തേയും വിമർശനം ഉന്നയിച്ചിരുന്നു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ അമിതമായി മദ്യപിച്ച മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന് പാർട്ടി ആരോപിച്ചിരുന്നു. എന്നാൽ, ഇത്തരമൊരുസംഭവം ഉണ്ടായിട്ടില്ലെന്നും സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകുക മാത്രമാണ് ഉണ്ടായതെന്നും അന്ന് ലുഫ്താൻസാ എയർലൈൻസ് വിശദീകരണം നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്