പട്‌ന: ബിഹാറിൽ മദ്യനിരോധനം പിൻവലിക്കണമോയെന്ന വിഷയത്തിൽ ബിജെപി നിലപാടു വ്യക്തമാക്കണമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. മദ്യനിരോധനം പിൻവലിക്കണമെന്നതാണു ബിജെപി നിലപാടെങ്കിൽ അക്കാര്യം വ്യക്തമാക്കണം.

നിതീഷ് കുമാർ സർക്കാരിൽ ബിജെപി പങ്കാളിയായിരിക്കെ മദ്യ നിരോധനത്തിന് അനുകൂല നിലപാടായിരുന്നു. അധികാരം നഷ്ടപ്പെട്ടതിനുശേഷമാണ് മദ്യനിരോധനം പരാജയമാണെന്നു ബിജെപി ആരോപിക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടായ വിഷമദ്യ ദുരന്തങ്ങൾ കണ്ടില്ലെന്നു നടിച്ചാണു ബിഹാറിലെ മദ്യ ദുരന്തത്തിൽ സർക്കാരിനെ വിമർശിക്കുന്നത്. വിഷമദ്യ ദുരന്തത്തിൽ രാഷ്ട്രീയ മുതലെടുപ്പു നടത്തണമെന്നല്ലാതെ പരിഹാരം എന്തെന്നതിനെ കുറിച്ചു ബിജെപിക്കു വ്യക്തമായ കാഴ്ചപ്പാടില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി. വിഷമദ്യ ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി ആവശ്യപ്പെട്ടിരുന്നു.