തിരുവനന്തപുരം: അക്കാദമികേതര പ്രവർത്തനങ്ങളിലെ മികവിന് വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഗ്രേസ് മാർക്ക് വിതരണത്തിലെ അസമത്വം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നാഷനൽ സർവിസ് സ്‌കീം വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച 'മഹിതം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഡയറക്ടറേറ്റുതല അവാർഡ് സമർപ്പണവും എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടന്നു. എൻ.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 2021-22 വർഷത്തിൽ സംസ്ഥാനതലത്തിൽ മികച്ച യൂനിറ്റുകളായി മലപ്പുറം ബി.പി അങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗേൾസും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേൾസും തെരഞ്ഞെടുക്കപ്പെട്ടു.