ന്യൂഡൽഹി: രാജ്യാന്തര ചെറുധാന്യ വർഷം ആചരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര തോമറിന്റെ നേതൃത്വത്തിൽ നടത്തിയ ഉച്ചയൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു എംപിമാരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുൾപ്പെടെയുള്ളവരും പങ്കെടുത്തു. 40 മിനിറ്റോളം പ്രധാനമന്ത്രി ചടങ്ങിൽ പങ്കുകൊണ്ടു.

മോദിയുടെ അഭ്യർത്ഥനയാലാണ് 2023 രാജ്യാന്തര ചെറുധാന്യ വർഷം ആയി ഐക്യരാഷ്ട്ര സംഘടന (യുഎൻ) പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിക്കൊപ്പം നരേന്ദ്ര തോമർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ എന്നിവർ ഒരു മേശയ്ക്കു ചുറ്റുമിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇതിന്റെ ചിത്രങ്ങൾ നരേന്ദ്ര മോദി ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.