ന്യൂഡൽഹി: ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരണത്തിൽ പങ്കെടുത്ത ബോളിവുഡ് താരം ഉർഫി ജാവേദ് ദുബായിൽ കസ്റ്റഡിയിൽ. ശരീര പ്രദർശനത്തിന്റെ പരിധികൾ ലംഘിച്ചതിനാണ് താരത്തെ കസ്റ്റഡിയിൽ എടുത്തതെന്നാണ് റിപ്പോർട്ട്.

ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോൾ ദുബായ് പൊലീസിന്റെ ചോദ്യംചെയ്യലിനു വിധേയയാകുകയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ദുബായിൽ പൊതുസ്ഥലത്ത് ഗ്ലാമറസ് വേഷം ധരിക്കാൻ അനുവാദമില്ല. ഫാഷൻ പരീക്ഷണങ്ങളിലൂടെയാണ് ഉർഫി വാർത്തകളിൽ നിറയാറുള്ളത്. കയ്യിൽ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉർഫി ഫാഷൻലോകത്ത് ശ്രദ്ധേയയാണ്. അടുത്ത പ്രോജക്ടുകൾക്കായി ഉർഫി ഒരാഴ്ചയായി യുഎഇയിൽ ഉണ്ട്.

സണ്ണി ലിയോണിയും അർജുൻ ബിജ്ലാനിയും അവതാരകരായ സ്പ്ലിറ്റ്‌സ്വില്ല എക്‌സ്4 ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി ഉർഫി പ്രത്യക്ഷപ്പെട്ടത്.

വ്യത്യസ്തമായ വസ്ത്രധാരണ ശൈലികൾ വഴി ആരാധകരെ എന്നും അമ്പരപ്പിച്ചിട്ടുള്ള താരമാണ് അഭിനേത്രിയും, ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഉർഫി ജാവേദ്.

ശരീര പ്രദർശനത്തിന്റെ പരിധികൾ ലംഘിച്ചതിന് ഇതിനു മുൻപും ഉർഫി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ഉർഫി ജാവേദ് ഇൻസ്റ്റാ ഗ്രാമിന് വേണ്ടി അല്പവസ്ത്രധാരിയായി വീഡിയോ ഷൂട്ട് ചെയ്തതിലല്ല, മറിച്ച് അതിനു വേണ്ടി അവർ തെരഞ്ഞെടുത്ത ഓപ്പൺ ഏരിയ ആണ് കേസിന് കാരണം.

ഇത്തരം പ്രവൃത്തികൾക്ക് അനുവാദമില്ലാത്ത ഒരിടത്ത് വച്ചാണ് നടി ഷൂട്ടിങ് നടത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു. നടിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്.