അമൃത്സർ: ഉത്തരേന്ത്യ കനത്ത ശൈത്യത്തിന്റെ പിടിയിൽ അമർന്നതോടെ അതിർത്തിയിലെ സുരക്ഷ ശക്തമാക്കി സൈന്യം. പാക്കിസ്ഥാൻ അതിർത്തി പങ്കിടുന്ന വാഗാ-അട്ടാരി അതിർത്തിയിലെ ബിഎസ്എഫ് ജവന്മാർ കനത്ത മൂടൽമഞ്ഞിലും റോന്തുചുറ്റുന്ന വീഡിയോ വൈറലാവുകയാണ്.

ശൈത്യകാലത്ത് ഭീകരർ അതിർത്തി കേന്ദ്രീകരിച്ച് നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് എത്തിക്കലും സജീവമാക്കാൻ സാദ്ധ്യതയുള്ളത് കണക്കിലെടുത്താണ് സുരക്ഷയും പട്രോളിംഗും ശക്തമാക്കുന്നത്.

വനിതാ സൈനികരടക്കമുള്ള ബിഎസ്എഫ് സൈനികർ അവേശത്തോടെയാണ് ഈ കനത്ത മഞ്ഞിലും തങ്ങളുടെ കടമ നിർവ്വഹിക്കുന്നതെന്ന് അഭിമാനത്തോടെയാണ് വിവരിക്കുന്നത്. ശൈത്യത്തിലും മഴയിലും ചൂടിലും അതിർത്തികാക്കലാണ് ഞങ്ങളുടെ ദൗത്യം.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി ചെയ്യുന്ന ഈ ജോലിയിൽ എല്ലാ വെല്ലുവിളികളും ആസ്വദിക്കാനാവുന്നുവെന്നും സൈനികരായ വനിതകൾ ആവേശത്തോടെയാണ് പ്രതികരിച്ചത്.

പരസ്പരം കാണുവാൻ പോലും സാധിക്കാത്ത തരത്തിലുള്ള മൂടൽമഞ്ഞിലാണ് ബിഎസ്എഫ് ജവാന്മാർ അതിർത്തി കാവൽ ശക്തമാക്കുന്നത്. 10 മീറ്ററിനപ്പുറം ഒന്നും കാണാനാകാത്ത അത്ര കനത്ത മഞ്ഞാണ് വ്യാപിച്ചിരിക്കുന്നതെന്നും സൈനികർ അറിയിച്ചു.