സെഹോർ: പീഡന ശ്രമം ചെറുത്ത പതിനഞ്ചു വയസുകാരിയെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് മധ്യപ്രദേശിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. നിഷ്ഠൂരമായ സംഭവത്തിൽ ഫാം തൊഴിലാളിയായ വിശാൽ ഭിൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ജാവർ പൊലീസ് സ്റ്റേഷന് പരിധിയിലെ ബൈജ്നാഥ് ഗ്രാമത്തിലെ ഒരു കൃഷി ഫാമിലാണ് സംഭവം നടന്നത്.

ഫാമിലെ ജോലിക്കാരനായിരുന്നു പെൺകുട്ടിയുടെ പിതാവ്. പിതാവിനൊപ്പം ജോലി സ്ഥലത്തെത്തിയ പെൺകുട്ടിയെ പ്രതി വിശാൽ ഭിലും മറ്റൊരാളും ചേർന്ന് ഫാമിലെ ഷെഡ്ഡിലേക്ക് വിളിച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സെഹോർ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗിതേഷ് ഗാർഗ് പറഞ്ഞു.

ഷെഡ്ഡിനുള്ളിൽ വെച്ച് ഇതേ ഫാമിലെ ജീവനക്കാരനായ വിശാൽ പെൺകുട്ടിയെ കയറിപ്പിടിച്ചു. പെൺകുട്ടി പീഡനശ്രമം ചെറുത്ത് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് അടിയേറ്റ പെൺകുട്ടി സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. കരച്ചിൽ കേട്ട് ഓടിയെത്തിയ പിതാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ട മകളുടെ മൃതദേഹമാണ് കണ്ടത്.

ഇതേസമയം സംഭവ സ്ഥലത്തുനിന്നും പ്രതികൾ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളിലൊരാളാ വിശാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും എഎസ്‌പി ഗിതേഷ് ഗാർഗ് പറഞ്ഞു. അതേസമയം പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.