ബറേലി; ഭാര്യയ്ക്കും മകനും നേരെ ആസിഡ് ആക്രമണം നടത്തിയ 52കാരന് 12 വർഷം തടവ് ശിക്ഷ. യുപിയിലെ ബുദാവോൻ ജില്ലയിൽ 2016ലാണ് കേസിനാസ്പദമായ സംഭവം. ബറേലി സ്വദേശിയായ രൂപ് കിഷോറിനാണ് സെഷൻസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

മദ്യപിച്ച് വീട്ടിലെത്തിയ രൂപ് കിഷോർ വഴക്കു മൂത്ത് ഭാര്യ മായാ ദേവിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തടയാനെത്തിയ മകൻ സൂരജിനും പരിക്കേറ്റു. ആക്രമണത്തിൽ മായയുടെ ഒരു കണ്ണ് നഷ്ടപ്പെടുകയും സൂരജിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ 19വയസ്സായിരുന്നു സൂരജിന് പ്രായം.

ടോയ്ലെറ്റ് കഴുകാൻ വാങ്ങി വച്ച ആസിഡ് ആണ് കിഷോർ ഇരുവർക്കും നേരെ പ്രയോഗിച്ചത്. ഇത് കൂടാതെ ആസിഡ് ആക്രമണത്തിന് ശേഷം ഇരുവരെയും കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.