ഭോപാൽ: സ്റ്റേഷനിലേക്ക് പാഞ്ഞടുക്കുന്ന ഗുഡ്‌സ് ട്രെയിന് മുന്നിൽ നിന്നും രണ്ട് വയോധികരെ ചടുല നീക്കത്തിലൂടെ രക്ഷപ്പെടുത്തി റെയിൽവെ പൊലീസ്. തലച്ചുമടും ബാഗുകളും താങ്ങി രണ്ട് വയോധികർ റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെയാണ് അതേ ട്രാക്കിലൂടെ ട്രെയിൻ പാഞ്ഞത്തിയത്. അവസരോചിതമായ നീക്കത്തിലൂടെ രണ്ട് പേരെയും പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

റെയിൽവേ പൊലീസ്. മധ്യപ്രദേശിലെ ഹൊഷങ്കാബാദിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റെയിൽവേ ട്രാക്കുകൾ ഓരോന്നായി കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനായിരുന്നു വൃദ്ധകളുടെ ശ്രമം. ദൂരെ നിന്നും ട്രെയിൻ വരുന്നതു കണ്ട ഇവർ അതേ ട്രാക്കിലൂടെ തന്നെ ഓടിയെത്തുകയായിരുന്നു. ഇതുകണ്ട റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ വേഗം അവരുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ടു. സമീപമുണ്ടായിരുന്ന യാത്രക്കാരും സഹായത്തിനെത്തി.

'സുരക്ഷയാണ് പരമപ്രധാനം. അവിടെയുണ്ടായിരുന്ന ആർപിഎഫ്, ജിആർപി ഉദ്യോഗസ്ഥന്മാർ ജാഗ്രത പുലർത്തിയതുകൊണ്ടാണ് രണ്ടുപേരെ രക്ഷപ്പെടുത്താനായത്. എല്ലായ്‌പ്പോഴും ഓവർ ബ്രിഡ്ജിലൂടെ തന്നെ പ്ലാറ്റ്‌ഫോമിലേക്ക് കടക്കാൻ ശ്രമിക്കുക'.വിഡിയോ പങ്കുവച്ച് റെയിൽവേ മന്ത്രാലയം കുറിച്ചു.