ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലും പടരുന്ന കൊറോണയുടെ പുതിയ വകഭേദം ബി.എഫ്-7 ഇന്ത്യയിൽ സ്ഥിരീകരിച്ചത് ആശങ്ക പടർത്തുന്നതിനിടെ പുതിയ വാക്‌സിന് അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്. കോവോവാക്‌സ് വാക്‌സിനാണ് സിറം അനുമതി തേടിയത്. രണ്ട് ഡോസ് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്‌സിൻ സ്വീകരിച്ചവർക്ക് മുൻകരുതൽ ഡോസായാണ് കോവോവാക്‌സ് നൽകുക.

കൊറോണയുടെ പുതിയ വകഭേദം ബി.എഫ്-7 ഇന്ത്യയിൽ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിൽ രണ്ടു പേരിലും ഒഡീഷയിൽ ഒരാൾക്കുമാണ് കൊറോണയുടെ ഈ വകഭേദം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തെ കോവിഡ് നിരക്കിൽ വർധനയില്ലെങ്കിലും പുതിയ വകഭേദങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് നിരന്തര നിരീക്ഷണം ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ ആളുകൾ വേഗത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയുടെ യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലും യോഗം ചേർന്നിരുന്നു.