ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ഡി.എം.കെ എംപി എ. രാജയുടെ 55 കോടി രൂപയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ 45 ഏക്കർ ഭൂമിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്.

നീലഗിരി ലോക്‌സഭാംഗമായ രാജ 1999 മുതൽ 2010 വരെയുള്ള കാലയളവിൽ 27.92 കോടി രൂപയുടെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് സിബിഐ കേസെടുത്തിരുന്നു. 2015ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ രാജയും കുടുംബവും ഉൾപ്പെടെ 16 പേർക്കെതിരെ കേസെടുത്തിരുന്നു. ഇതേതുടർന്ന് ചെന്നൈ ഉൾപ്പെടെ വിവിധയിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു.

ഈ റെയ്ഡിൽ, കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ബിനാമി കമ്പനിയുടെ പേരിൽ വാങ്ങിയ 55 കോടി രൂപ വിലമതിക്കുന്ന 45 ഏക്കർ ഭൂമിയുടെ രേഖയും ലഭ്യമായിരുന്നു. ഈ സ്വത്താണ് ഇപ്പോൾ ഇ.ഡി മരവിപ്പിച്ചത്.