ബെംഗളൂരു: പ്രണയം നിരസിച്ച യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിന് യുവാവിന്റെ കൊടുംക്രൂരത. പട്ടാപ്പകൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടകയിലെ ദാവണഗെരെയിലാണ് സംഭവം.

ദാവണഗെരെ സ്വദേശിയായ ചാന്ദ് പിർ ആണ് യുവതിയെ കുത്തിക്കൊന്നത്. സാദത്ത് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

സുൽത്താന എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. സാദത്തിന് സുൽത്താനയോട് പ്രണയമായിരുന്നെങ്കിലും ഈ ബന്ധത്തിൽ സുൽത്താനയ്ക്കും അവളുടെ വീട്ടുകാർക്കും താത്പര്യമില്ലായിരുന്നുവെന്നും മറ്റൊരാളുമായി സുൽത്താനയുടെ വിവാഹമുറപ്പിച്ചതോടെ പ്രകോപിതനായ ഇയാൾ സുൽത്താനയെ നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

സംഭവസമയത്ത് സുൽത്താന സ്‌കൂട്ടറിൽ ഇരിക്കുകയും സാദത്ത് റോഡിൽ നിൽക്കുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ സാദത്ത് സുൽത്താനയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ധാരാളം ആളുകൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ഇയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്. നിരവധി തവണ കുത്തിയശേഷം സാദത്ത് ബൈക്കിൽ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനുശേഷം ഇയാളും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പൊലീസ് അറിയിച്ചു.