- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനഞ്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
ബംഗളുരു: കർണാടകയിൽ പതിനഞ്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. കർണാടക ഹസൻ സിറ്റിയിലെ സർക്കാർ റെസിഡെൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പലാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. അരാക്കൽഗുഡ് പൊലീസാണ് ഇയാളെ പിടികൂടിയത്.
ഡിസംബർ 18ന് 15 വിദ്യാർത്ഥിനികൾ ചൈൽഡ് ഹെൽപ് ലൈൻ നമ്പരായ 1098ൽ വിളിച്ച് പ്രധാനാധ്യാപകനെതിരെ പരാതി പറയുകയായിരുന്നു. ഇതുപ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്‌കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുടെ മൊഴിയെടുക്കുകയും ചെയ്തു.
വിവിധയിടങ്ങളിൽ വച്ച് പ്രിൻസിപ്പൽ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതായി വിദ്യാർത്ഥിനികൾ സി.ഡബ്ല്യു.സി അംഗങ്ങളോടു പറഞ്ഞു. തുടർന്ന് കമ്മിറ്റി ചെയർപേഴ്‌സൺ എച്ച്.ടി കോമള പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ പ്രിൻസിപ്പലിനെതിരായ ലൈംഗികപീഡന പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് അദ്ധ്യാപകരുടെ വാദം. പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികളുടെ പരാതിയുണ്ടെന്ന് പറഞ്ഞ് സി.ഡബ്ല്യു.സി സ്‌കൂൾ സന്ദർശിച്ചിരുന്നു. ആണുങ്ങളും പെണ്ണുങ്ങളുമായി ഇവിടെ 224 കുട്ടികൾ പഠിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു പരാതി ഇതുവരെ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല- അദ്ധ്യാപകരിൽ ഒരാൾ പറഞ്ഞു.
കൊടക് ജില്ലക്കാരനാണ് അദ്ധ്യാപകനെന്ന് പൊലീസ് അറിയിച്ചു. പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അരാക്കൽഗുഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം നീചമായൊരു പ്രവൃത്തി ഒരു പ്രിൻസിപ്പലിൽ നിന്നുണ്ടാവുക എന്നത് അതീവ ലജ്ജാകരമാണ്- പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.