- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവൻ കല്യാൺ ചിത്രത്തിൽ ഔറംഗസീബായി വേഷമിടും; ബോബി ഡിയോൾ തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക്
മുംബൈ: ബോളിവുഡ് താരം ബോബി ഡിയോൾ തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. പവൻ കല്യാൺ നായകനാവുന്ന ഹരിഹര വീരമല്ലു എന്ന ചിത്രത്തിലൂടെയാണ് ബോബി ഡിയോൾ ദക്ഷിണേന്ത്യൻ സിനിമയിൽ തുടക്കമിടുന്നത്. മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബ് ആയാണ് ബോബി ഡിയോൾ ഹരിഹര വീരമല്ലുവിലെത്തുക. മെഗാ സൂര്യ പ്രൊഡക്ഷന്റെ ബാനറിൽ എ.എം രത്‌നമാണ് ചിത്രം അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.
ക്രിഷ് ജാഗർലമുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിധി അഗർവാളാണ് നായിക. ഹൈദരാബാദിൽ കലാസംവിധായകൻ തോട്ടാധരണി ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ബോബിയും പവൻ കല്യാണും തമ്മിലുള്ള നിർണായകമായ രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിക്കുക. ചിത്രത്തിൽ ജോയിൻ ചെയ്യാനെത്തിയ താരത്തിനെ അണിയറപ്രവർത്തകർ ചേർന്ന് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഏറെ കാലമായി ആഗ്രഹിക്കുന്നതാണെന്നും അതിശയിപ്പിക്കുന്ന ഒരു റോളിനായാണ് കാത്തിരുന്നതെന്നും ബോബി ഡിയോൾ പറഞ്ഞു. പവൻ കല്യാണിനൊപ്പമുള്ള സിനിമയെ പ്രതീക്ഷയോടെയാണ് കാണുന്നത്. നിർമ്മാതാവ് എ.എം. രത്‌നവും സംവിധായകൻ ക്രിഷും നേരത്തേതന്നെ ഗംഭീര സിനിമകൾ സമ്മാനിച്ചവരാണ്. അങ്ങനെയൊരു ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്