ലക്‌നൗ: കാൺപൂരിലെ സചേന്ദി ഏരിയയിലുള്ള എസ് ബി ഐ ബാങ്കിൽ വൻ സ്വർണ കവർച്ച . ബാങ്കിന് പിന്നിൽ എട്ട് അടി നീളമുള്ള തുരങ്കം ഉണ്ടാക്കിയാണ് രണ്ട് കിലോയോളം സ്വർണം കവർന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. 15 ദിവസമെടുത്താകും ഈ തുരങ്കമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു . ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെയും പൊലീസ് സംശയിക്കുന്നുണ്ട് .

ബാങ്കിന്റെ പിൻഭാഗത്തിലൂടെ ഉണ്ടാക്കിയ തുരങ്കം നേരിട്ട് സ്ട്രോങ് റൂമിലേക്ക് എത്തും വിധത്തിലായിരുന്നു . ഡ്രിൽ മെഷീൻ ഉപയോഗിച്ച് ടൈലുകൾ പൊട്ടിച്ചാണ് മുകളിലേക്ക് കയറിയിരിക്കുന്നത് . സ്ട്രോങ് റൂം ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് രണ്ട് കിലോയോളം സ്വർണം കവർന്നത്. ബാങ്കിന്റെ അലാറം പോലും പ്രവർത്തന രഹിതമാക്കിയശേഷമായിരുന്നു മോഷണം . കഴിഞ്ഞ ദിവസം രാവിലെ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സ്വർണത്തിനോട് ചേർന്ന് 35 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന പെട്ടി ഉണ്ടായിരുന്നെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല . ഈ ബാങ്കിന് പിന്നിൽ വീടുകളില്ലാത്തതാണ് ഈ ബാങ്ക് തന്നെ തെരഞ്ഞെടുക്കാൻ കാരണമെന്ന് ബ്രാഞ്ച് മാനേജർ നീരജ് റായ് പറഞ്ഞു. അതുകൊണ്ട് തന്നെ തുരങ്കം ഉണ്ടാക്കിയത് ആരും അറിഞ്ഞതുമില്ല. ബാങ്കിന്റെ പിൻഭാഗത്തെ മതിലും പഴയതായിരുന്നു.

ഈ ബാങ്കിന് മുന്നിൽ പൊലീസ് പിക്കറ്റ് പോയിന്റും ഉണ്ട്. സംഭവദിവസം രാത്രിയും രാവിലെ 11 മുതൽ പുലർച്ചെ ഒരു മണി വരെ പൊലീസ് വാനും ഇവിടെ ഉണ്ടായിരുന്നു. 20 ദിവസം മുമ്പ് ബാങ്ക് മാനേജ്മെന്റ് ലോക്കറിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു . ഇതിനു വന്ന തൊഴിലാളികളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.