ന്യൂഡൽഹി: രാജ്ഘട്ടിലും എ.ബി.വാജ്‌പേയി ഉൾപ്പെടെ മുൻ പ്രധാനമന്ത്രിമാരുടെ സമാധികളിലും എത്തി ആദരമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് രാഹുൽ ഗാന്ധി വാജ്‌പേയിയുടെ സമാധിയായ സദൈവ് അടൽ സന്ദർശിച്ചതും ആദരമർപ്പിച്ചതും. ഇതാദ്യമായാണ് രാഹുൽ ഗാന്ധി ഇവിടെ എത്തുന്നത്. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്ന യാത്രയിൽ, ബിജെപി വിദ്വേഷം പരത്താനാണു ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വാജ്‌പേയിയുടെ സമാധിയിലേക്ക് രാഹുൽ എത്തിയത്.

വാജ്‌പേയിയുടെ 98ാം ജന്മവാർഷിക ദിനമായിരുന്ന ഡിസംബർ 25നായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ ഉൾപ്പെടെ സന്ദർശനം ഉള്ളതിനാൽ ഇന്നലത്തേക്കു മാറ്റി. നേരത്തെ, ബിജെപിയിലെ വാജ്‌പേയിയുടെ നിലപാടുകളിൽ വിശ്വസിക്കുന്ന നേതാക്കളെ ഭാരത് ജോഡോ യാത്രയിലേക്കു കോൺഗ്രസ് ക്ഷണിച്ചിരുന്നു. വാജ്‌പേയിയുടെ സമാധി സ്ഥലത്തിന് പുറമേ രാജീവ് ഗാന്ധിയുടെ സ്മൃതികുടീരമുള്ള വീർഭൂമി, ഇന്ദിര ഗാന്ധിയുടെ ശക്തിസ്ഥൽ, നെഹ്‌റുവിന്റെ ശാന്തിവൻ, ലാൽ ബഹാദൂർ ശാസ്ത്രിയുടെ വിജയ്ഘട്ട് എന്നിവിടങ്ങളിലെത്തിയും രാഹുൽ ആദരമർപ്പിച്ചു.

ഇതിനിടെ, രാഹുലിന്റെ സന്ദർശനം നാടകമാണെന്നു ബിജെപി ആരോപിച്ചു. സ്വന്തം നേതാക്കൾ വാജ്‌പേയിയെ അവഹേളിക്കുമ്പോൾ നാടകം കളിക്കാനാണ് രാഹുലിന്റെ ശ്രമമെന്നും ഇതിന് കോൺഗ്രസ് മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ ഓഫിസ് കോ ഓർഡിനേറ്റർ ഗൗരവ് പാന്ഥി, വാജ്‌പേയ് ബ്രിട്ടിഷ് അനുകൂലിയായിരുന്നുവെന്ന് ട്വീറ്റ് ചെയ്തതു ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. പിന്നാലെ ഗൗരവ് പാന്ഥി ട്വീറ്റ് പിൻവലിച്ചു.

അതേസമയം, ഗുജറാത്ത് കലാപസമയത്തു ഭരണഘടനാ മൂല്യങ്ങൾ പിന്തുടരണമെന്ന് മോദിയെ ഓർമിപ്പിച്ച വാജ്‌പേയിയുടെ 'രാജധർമ' പ്രയോഗം രാഹുലിന്റെ സന്ദർശനം കൊണ്ടെങ്കിലും മോദിയും ബിജെപിയും ഓർക്കുമെന്നു കരുതുന്നതായി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.